ലഹോര്‍: 'വിരാട് കോലി നിങ്ങള്‍ പാകിസ്താനില്‍ വന്ന് കളിക്കുന്നത് ഞങ്ങള്‍ക്ക് കാണണം'. ലാഹോറില്‍ ശ്രീലങ്കയും പാകിസ്താനും തമ്മില്‍ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ഒരു കോലി ആരാധകന്‍ ഉയര്‍ത്തിക്കാട്ടിയ ബാനറാണിത്.
ഈ ഒരൊറ്റ ബാനര്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ പാക് ആരാധകന്‍. ലോകമെമ്പാടും ആരാധകരുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. തന്റെ ബാറ്റിങ് മികവുകൊണ്ട് അദ്ദേഹം ഇന്നും ആരാധകരെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇതിനിടെയാണ് പാകിസ്താനില്‍ നിന്നുള്ള ഈ ആരാധകന്റെ അപേക്ഷ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
2008-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച വിരാട് കോലി ഇതുവരെ പാക് മണ്ണില്‍ കളിച്ചിട്ടില്ല. 2013 മുതല്‍ ഇന്ത്യയും പാകിസ്താനും ഇതുവരെ ഉഭയകക്ഷി പരമ്പരകള്‍ കളിച്ചിട്ടുമില്ല. 2008-നു ശേഷം ഇന്ത്യ, പാകിസ്താനിലേക്ക് പോയിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഐ.സി.സി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമേ അതിനു ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ.
ഈ സാഹചര്യത്തിലാണ് പാക് ആരാധകന്റെ അപേക്ഷ ശ്രദ്ധനേടുന്നത്. ഇന്ത്യന്‍ ആരാധകര്‍ ഈ അപേക്ഷയോട് പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നതും.
Content Highlights: Virat Kohli, come to Pakistan and play fan in Lahore wins hearts