ന്യൂഡല്‍ഹി: ഇറ്റലിയില്‍ വിവാഹിതരായ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വിവാഹച്ചടങ്ങിനും മധുവിധുവിനും ശേഷം ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയയാണ് ഇരുവരും മോദിയെ സന്ദര്‍ശിച്ചത്. ഈ കൂടിക്കാഴ്ച്ചയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
പ്രധാനമന്ത്രി ഇരുവര്‍ക്കും ആശംസ നേര്‍ന്നു. വ്യാഴാഴ്ച്ച ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ന്യൂഡല്‍ഹിയില്‍ വിരുന്ന് നടത്തുന്ന താരദമ്പതികള്‍ ഡിസംബര്‍ 26ന് മറ്റൊരു സത്ക്കാരവും നടത്തുന്നുണ്ട്. മുംബൈയില്‍ നടക്കുന്ന ഈ വിരുന്നില്‍ ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങളാണ് പങ്കെടുക്കുക.
അതേസമയം ഇറ്റലിയില്‍വെച്ച് വിവാഹം നടത്തിയ കോലിക്ക് രാജ്യസ്‌നേഹമില്ലെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പന്നാലാല്‍ ശാഖ്യ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച കോലി ഈ പണം ഇറ്റലിയില്‍ കൊണ്ടുപോയി ചെലവഴിച്ചുവെന്നായിരുന്നു ഗുണയില്‍ നിന്നുള്ള എം.എല്‍.എയായ. പന്നാലാലിന്റെ വിമര്‍ശനം.
Content Highlights: Virat Kohli Anushka Sharma Meet PM Narendra Modi