വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും ഇറ്റലിയില്‍ പോയി വിവാഹം ചെയ്തത് എന്തിനാണ്? പലരും ചോദിച്ച ചോദ്യമാണിത്. ഇതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയയുടെ വെളിപ്പെടുത്തല്‍.
കോലി ക്രിക്കറ്റിലും അനുഷ്‌ക സിനിമയിലും അറിയപ്പെടുന്ന വ്യക്തികളാണ്. ഇത്തരത്തില്‍ പ്രശസ്തരായ രണ്ടു താരങ്ങള്‍ സ്വന്തം രാജ്യത്ത് വെച്ച് വിവാഹിതരാകുമ്പോള്‍ അതിന് മാധ്യമശ്രദ്ധ വര്‍ധിക്കുമെന്നും അത് ഇരുവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് ഇന്ത്യ വിട്ട് ഇറ്റലിയിലേക്ക് പോയതെന്നും സാനിയ അഭിമുഖത്തില്‍ പറയുന്നു.
വിവാഹദിവസം എല്ലാവര്‍ക്കും സമ്മര്‍ദമുണ്ടാകും. എന്റെ അനുജത്തി സെലിബ്രിറ്റി അല്ല. എന്നിട്ടും അവളുടെ വിവാഹദിവസം എല്ലാവര്‍ക്കും സമ്മര്‍ദമായിരുന്നു. അപ്പോള്‍ പിന്നെ കോലിയുടെയും അനുഷ്‌കയുടെയും കാര്യം എന്തായിരിക്കും? കുറേ കാലങ്ങളായി അവരിരുവരും പ്രണയത്തിലായിരുന്നു. ഇങ്ങിനെ വര്‍ഷങ്ങളായി പ്രണയിക്കുന്ന രണ്ടു പേര്‍ തമ്മില്‍ വിവാഹം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. സാനിയ അഭിമുഖത്തില്‍ പറയുന്നു.
ഡിസംബര്‍ 21ന് ദുബായിലേക്ക് പോകുന്നതിനാല്‍ ഇരുവരുടെയും വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സാനിയ വ്യക്തമാക്കി. കോലിയും അനുഷ്‌കയും നമ്മളെ അതിശയിപ്പിക്കുന്ന വ്യക്തികളാണെന്നും ഇരുവര്‍ക്കും വിവാഹാശംസ നേര്‍ന്ന് സാനിയ പറഞ്ഞു.
ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോലി- അനുഷ്‌ക വിവാഹം നടന്നത്. ഈ മാസം 21-ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കള്‍ക്കായി അന്ന് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരിക്കും ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുക.