ഫുട്‌ബോള്‍ കളത്തില്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ക്ക് സാക്ഷിയായി ഇറ്റാലിയന്‍ ലീഗിലെ മൂന്നാം ഡിവിഷനായ സീരി സിയിലെ ഒരു മത്സരം. മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളായ ചുനിയോയും പ്രോ പിചെന്‍സയും തമ്മില്‍ നടന്ന മത്സരമാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. മത്സരത്തില്‍ എതിരില്ലാത്ത 20 ഗോളുകള്‍ക്കാണ് പ്രോ പിചെന്‍സ തോറ്റത്.
സാമ്പത്തിക ബാധ്യത കാരണം കഴിഞ്ഞ 4 മാസങ്ങളായി പ്രോ പിചെന്‍സ ക്ലബ്ബിന് താരങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ചുനിയോക്കെതിരായ മത്സരത്തില്‍ പങ്കെടുത്താന്‍ ടീം അംഗങ്ങളും കോച്ചിങ് സ്റ്റാഫും വിസമ്മതിച്ചു. താരങ്ങള്‍ കളത്തിലിറങ്ങാത്തതു കാരണം പ്രോ പിചെന്‍സയുടെ മുന്‍പുള്ള മൂന്ന് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ മത്സരം കൂടി റദ്ദാക്കിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മനസിലാക്കിയ മാനേജ്‌മെന്റ് എങ്ങനെയും ടീമിനെ കളത്തിലിറക്കാന്‍ ഒരുങ്ങി.
റിസര്‍വ് താരങ്ങളെയും യുവനിരയേയും എന്തിന് ക്ലബ്ബിന്റെ മസാജ് തെറാപ്പിസ്റ്റിനെയടക്കം ചേര്‍ത്ത് ഏഴു പേരെ ഒപ്പിച്ച് ടീം തയ്യാറാക്കി. ഫിഫയുടെ നിയമമനുസരിച്ച് ഒരു മത്സരം നടത്തണമെങ്കില്‍ ഒരു ടീമില്‍ ശരാശരി ഏഴുപേരെങ്കിലും വേണം. ടീമിലെ കോച്ചിന്റെ സ്ഥാനത്ത് 19-കാരനായ നിക്കോള സിറിഗിലിയാനോയും. ടീമില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ മറന്നതിനാല്‍ ഇയാളെ കളിപ്പിക്കാനും സാധിച്ചില്ല. ഇതിനു പകരമായാണ് ക്ലബ്ബിന്റെ മസാജ് തെറാപ്പിസ്റ്റിനെ കളത്തിലിറക്കിയത്.
ചുനിയോയുടെ 11 താരങ്ങള്‍ക്കെതിരേ മത്സര പരിചയം ഒട്ടുമില്ലാത്ത പ്രോ പിചെന്‍സയുടെ സെവന്‍സിന് എന്തു ചെയ്യാന്‍. എഡോര്‍ഡോ ഡിഫെന്‍ഡിയും ഹിച്ചാം കാനിസും ആക്രമിച്ച് കയറിയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ ചുനിയോ എതിരില്ലാത്ത 16 ഗോളുകള്‍ക്ക് മുന്നിലെത്തി.
ഗോളടിച്ച് മടുത്ത ചുനിയോ താരങ്ങള്‍ രണ്ടാം പകുതിയില്‍ അല്‍പ്പം മര്യാദ കാണിച്ചു. പെസഷന്‍ ഗെയിം മാത്രം കളിച്ച അവര്‍ നാലു ഗോളുകള്‍ മാത്രം നേടി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചു.
ചുനിയോക്കായി ഹിച്ചാം കാനിസ് ഇരട്ട ഹാട്രിക്ക് നേടി. എഡോര്‍ഡോ ഡിഫെന്‍ഡി (5), എമ്മുവാസോ (3), ഗിസെപ്പ് കാസോ (1), ഫ്രാന്‍സെസ്‌കോ സ്‌റ്റെഫാനോ (3), ഫെരെയ് രി (1), നിക്കോള അല്‍വാരോ (1) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
Content Highlights: pro piacenza vs cuneo serie c shame mockery massacre