ഇസ്ലാമാബാദ്: തന്റെ സഹായിക്ക് സംഭവിച്ച വമ്പനൊരു അബദ്ധത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍.
കഴിഞ്ഞ ദിവസം ഇമ്രാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റായ നയീം ഉള്‍ ഹഖ് ട്വിറ്ററില്‍ 1969-ലെ പി.എം ഇമ്രാന്‍ ഖാന്‍ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പങ്കുവെച്ചു. എന്നാല്‍ പങ്കുവെച്ച ചിത്രമോ, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരു പഴയകാല ചിത്രവും.
പോരെ പൂരം, പിന്നീട് ഇമ്രാന്‍ ഖാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇതിനെ കുറിച്ചുള്ള ട്രോളികള്‍ കൊണ്ടു നിറഞ്ഞു. ചിത്രം പങ്കുവെച്ച നയീം ഉള്‍ ഹഖിനേക്കാളേറെ ട്രോള്‍ ചെയ്യപ്പെടുന്നത് ഇമ്രാന്‍ ഖാനാണ്.
നിരവധി താരങ്ങളെയും രാഷ്ട്രീയക്കാരെയും ക്രിക്കറ്റ് താരങ്ങളാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഏറെയും. ലഗാന്‍ എന്ന ചിത്രത്തിലെ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഭുവന്‍ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ഒരാള്‍ പറഞ്ഞിരിക്കുന്നത് ഇതാണ് 1857-ലെ വിരാട് കോലിയെന്നാണ്. സല്‍മാന്‍ ഖാനെ ഷുഐബ് അക്തറാക്കിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പ് രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതെന്ന പേരില്‍ ഷെയര്‍ ചെയ്ത ഇമ്രാന്‍ ഖാനും വിവാദത്തിലായിരുന്നു.
Content Highlights: pak pm assistant posts tendulkar photo with caption pm imran khan