ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മഹാരാഷ്ട്രയിലെ ഉസ്മാനാബദ് നിന്നുള്ള എം.പിയായ ഗെയ്ക്ക്‌വാദ് ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് ഡ്യൂട്ടി മാനേജരും മലയാളിയുമായ സുകുമാറിനെ ചെരുപ്പൂരി അടിച്ചത്.
''ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ സ്വഭാവം നന്നാകില്ല. സീറ്റ് താല്‍ക്കാലികമാണ്. ക്ലാസ് (സ്വഭാവം) ആണ് സ്ഥായിയായുള്ളത്''മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച്ച രാവിലെ പുണെയില്‍ നിന്നു ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എഐ 852 വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ആ ക്ലാസ് ലഭിക്കാതെ ഇക്കണോമി ക്ലാസില്‍ ഗെയ്ക്ക്‌വാദിന് സഞ്ചരിക്കേണ്ടി വരികയായിരുന്നു. യാത്രയുടെ തുടക്കം മുതല്‍ ജീവനക്കാരനുമായി തര്‍ക്കം തുടങ്ങിയ ഗെയ്ക്ക്‌വാദ് വിമാനം ഡല്‍ഹിയില്‍ എത്തിയിട്ടും ഇറങ്ങാന്‍ തയ്യാറായില്ല. എം.പിയെ അനുനയിപ്പിച്ച് പുറത്തിറക്കുന്നതിനിടെയാണ് സുകുമാറിന് മര്‍ദനമേറ്റത്.