കാറ്റിനെപ്പോലും പേടിപ്പിച്ച ആ വേഗം 'നിലച്ചിട്ട്' അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു! ഇതിനിടെ മൈക്കല്‍ ഷൂമാക്കറില്‍ നിന്ന് ലോകം ഒരു വാക്കുപോലും കേട്ടില്ല. കാറിന്റെ വളയംകൊണ്ട് കാലത്തിന്റെ സമയരേഖകള്‍ തിരുത്തിയ ഷൂമാക്കറെക്കുറിച്ച് കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷത്തിനുശേഷം ഷൂമാക്കറുടെ ഭാര്യ കോറിന പ്രിയതമനെക്കുറിച്ച് ഒരു വാക്യം ലോകത്തോട് പറഞ്ഞിരിക്കുന്നു -'അദ്ദേഹം ഒരു പോരാളിയാണ്, ഒരിക്കലും കീഴടങ്ങില്ല'.
ഹ്രസ്വമെങ്കിലും ഈയൊരു വാക്യംപോലും വലിയ വാര്‍ത്തയായിരിക്കുകയാണിപ്പോള്‍. കാരണം, അഞ്ചുവര്‍ഷമായി ഷൂമാക്കറെക്കുറിച്ചുള്ള എല്ലാം രഹസ്യമായിരുന്നു.
ഷൂമാക്കറെ സ്തുതിച്ചുകൊണ്ട് ജര്‍മന്‍ സംഗീതജ്ഞന്‍ സാസ്ച ഹെര്‍ചെന്‍ബാഷ് സൃഷ്ടിച്ച ഗാനത്തിന് മറുപടിയായാണ് കോറിന ഇങ്ങനെ പറഞ്ഞത്. 'പോരാടാനായി ജനിച്ചവന്‍' (ബോണ്‍ ടു ഫൈറ്റ്) എന്ന പേരിലുള്ള ആ പാട്ട് ചെര്‍ചെന്‍ബാഷ് കോറിനയ്ക്ക് അയച്ചുകൊടുത്തിരുന്നു. 2014-ലാണ് ചെര്‍ചെന്‍ബാഷ് ഗാനം ചിട്ടപ്പെടുത്തിയത്. ഇതിന് കോറിന നല്‍കിയ മറുപടി ചെര്‍ചെന്‍ബാഷ് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പരസ്യമാക്കുകയായിരുന്നു.
കുടുംബം വലിയ വേദനയിലൂടെ കടന്നുപോകുന്ന കാലത്ത് ആ പാട്ട് വലിയ ആശ്വാസമായെന്നും കോറിന മറുപടിക്കത്തില്‍ എഴുതി.
ലോകത്തെ എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവറായി വിലയിരുത്തപ്പെടുന്ന ജര്‍മന്‍കാരനായ ഷൂമാക്കറുടെ തലവിധി മാറ്റിയത് ഒരു അപകടമാണ്. മകന്‍ മൈക്കിനൊപ്പം ആല്‍പ്സ് പര്‍വതത്തില്‍ സ്‌കീയിങ് (മഞ്ഞുകട്ടകള്‍ക്കിടയിലെ സവാരി) നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് ഷൂമാക്കറുടെ തല പാറയില്‍ ഇടിച്ചു. ഇതിനിടെ ഹെല്‍മറ്റ് തെറിച്ചുപോയതിനാല്‍ തലയ്ക്ക് ഗുരുതരപരിക്കേറ്റു. ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ട്രാക്കില്‍ തീപ്പൊരിപടര്‍ത്തിയ ആ കൈകാലുകള്‍ പ്രതികരിക്കാന്‍ കൂട്ടാക്കാതെ നിന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബം പരസ്യമായി ഒന്നും പറഞ്ഞില്ല. അതെല്ലാം കുടുംബത്തിന്റെ സ്വകാര്യതയാണെന്നും പുറംലോകം ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് കുടുംബത്തിന് ഇഷ്ടമല്ലെന്നും അവര്‍ നിലപാടെടുത്തു. പരിശോധിക്കുന്ന ഡോക്ടര്‍മാരും പ്രതികരിച്ചില്ല.
പത്തിലേറെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 24 മണിക്കൂറും ഷൂമാര്‍ക്കര്‍ക്കൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്തായാലും അഞ്ചുവര്‍ഷത്തിനിടെ ആദ്യമായി ഷൂമാക്കറുടെ ഏറ്റവുമടുത്ത ഒരാള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
Content Highlights: Michael is a fighter Schumacher's wife vows her husband