ഇതില്‍ ഏതാണ് ഒറിജിനല്‍ മെസ്സി; അന്തം വിട്ട് ഇറാന്‍കാര്‍


2 min read
Read later
Print
Share

പെറ്റമ്മയ്ക്കും കാമുകിക്കും എന്നല്ല, സാക്ഷാല്‍ മെസ്സിക്ക് വരെ മാറിപ്പോകും റേസ പരസ്തേഷിനെ കണ്ടാൽ

ളിക്കളത്തില്‍ മെസ്സിയെപ്പോലെ മെസ്സി മാത്രം എന്നത് പലവട്ടം തെളിയിക്കപ്പെട്ടതാണ്. എന്നാല്‍, കളത്തിന് പുറത്ത് മെസ്സിയെപ്പോലെ മറ്റൊരാളുണ്ട്. ഇറാന്‍കാരന്‍ റേസ പരസ്‌തേഷ്. മെസ്സിയെപ്പോലെ എന്ന് വെറുതെ പറഞ്ഞാല്‍ പോര. ചെമ്പന്‍ താടിയും മുടിയുമുള്ള റേസ തനി മെസ്സിയാണ്. പെറ്റമ്മയ്ക്കും കാമുകിക്കും എന്നല്ല, സാക്ഷാല്‍ മെസ്സിക്ക് വരെ മാറിപ്പോകും.

ഇറാനിലെ ഹമെദാന്‍ സ്വദേശിയായ റേസയ്ക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണ്. കാണുന്നവര്‍ക്കെല്ലാം റേസയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണം. തൊട്ടുനോക്കണം. കണ്ട് കുശലം പറയണം. ഒറിജിനല്‍ മെസ്സിയാണെന്ന് തെറ്റിദ്ധരിച്ചുപോയവരും നിരവധിയാണ്. ട്വിറ്ററില്‍ മെസ്സിയുടെ ചിത്രത്തിന് പകരം റേസയുടെ ചിത്രം പോസ്റ്റ് ചെയ്ത ചരിത്രമുണ്ട് യൂറോസ്‌പോര്‍ട്ട് എന്ന വെബ്‌സൈറ്റിന്.

എന്നാല്‍, ഈ ആരാധനയും ആശയക്കുഴപ്പും ഇപ്പോള്‍ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ് റേസയെ. ആളുകള്‍ സെല്‍ഫിക്കായി വട്ടംകൂടി ഗതാഗതം മുടക്കിയതിന് പോലീസ് കേസടുത്തിരിക്കുകയാണ് റേസയ്‌ക്കെതിരെ. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഫുട്‌ബോള്‍ ഭ്രാന്തനായ അച്ഛനാണ് റേസയുടെ പ്രശസ്തി ലോകമെങ്ങുമെത്തിച്ചത്. ബാഴ്‌സലോണയുടെ പത്താം നമ്പര്‍ ജെഴ്‌സിയണിഞ്ഞ മകന്റെ ഫോട്ടോ ഒരു സ്‌പോര്‍ട്സ് വെബ്‌സൈറ്റിന് അയച്ചുകൊടുത്തതോടെയാണ് പുകില്‍ തുടങ്ങുന്നത്. പിറ്റേന്ന് തന്നെ വെബ്‌സൈറ്റുകാര്‍ അഭിമുഖത്തിന് എത്തി. അഭിമുഖം പ്രസിദ്ധീകരിച്ചതോടെ സംഭവം കൈവിട്ടു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും പിന്നീട് റേസ തലമുടിയൊക്കെ വെട്ടിയൊതുക്കി അടിമുടി മെസ്സിയായി മാറി. ബാഴ്‌സയുടെ ജെഴ്‌സിയിലായി പിന്നീട് യാത്രയും ജീവിതവും.

ഇതോടെ നിന്നുതിരിയാന്‍ സമയമില്ലാതായി ഈ ഇരുപത്തിയഞ്ചുകാരന്. അഭിമുഖങ്ങളും ഫോട്ടോയെടുപ്പും മോഡലിങ്ങുമായി എന്നും തിരക്കുതന്നെ. ഇറാനിയന്‍ മെസ്സിയെ വിശേഷണം ചാര്‍ത്തിക്കൊടുത്തു ചിലര്‍. മെസ്സിയുടെ രൂപം മാത്രമല്ല, ചേഷ്ടകളും അനുകരിക്കേണ്ടിവന്നു പിന്നീട്. ഇപ്പോള്‍ ഫുട്‌ബോള്‍ മാന്ത്രികനെപ്പോലെ ചില ഫുട്‌ബോള്‍ പൊടിക്കൈകള്‍ പരിശീലിക്കുന്ന തിരക്കിലാണ് റേസ. പന്തുകൊണ്ടുള്ള ഈ നമ്പറുകള്‍ ഇല്ലെങ്കില്‍ പിന്നെന്ത് മെസ്സി.

റേസയുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്ന ഒരു കളിയുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ തൊണ്ണൂറ്റിയൊന്നാം മിനിറ്റിലെ മെസ്സിയുടെ ഗോളില്‍ ഇറാന്‍ ര്‍ജന്റീനയോട് തോറ്റ മത്സരം. ഈ മത്സരം തോറ്റതോടെയാണ് ഇറാന്റെ പ്രീക്വാര്‍ട്ടര്‍ മോഹം പൊലിഞ്ഞത്. അന്ന് അച്ഛന്‍ മകനെ വിളിച്ച് ചോദിച്ചത് ഇതാണ്: നീ എന്തിനാണ് ഇറാനെതിരെ ഗോളടിച്ചത്. ഇന്ന് വീട്ടിലേയ്ക്ക് വരേണ്ട.

എങ്കിലും ആളുകള്‍ എന്നെ കാണുമ്പോള്‍ സന്തോഷിക്കുന്നുന്നുണ്ടെന്ന് അറിയുന്നത് ഒരുപാട് ഊര്‍ജം തരുന്നുവെന്ന് പറയുന്നു റേസ.

ഇനിയൊരു മോഹമേ റേസയ്ക്കുള്ളു. എന്നെങ്കിലുമൊരിക്കല്‍ ബാഴ്‌സലോണയില്‍ പോവണം. തന്റെ ഒറിജിനലിനെ നേരില്‍ ഒന്ന് കാണണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram