ന്യൂഡല്‍ഹി: ബിഹാറിലെ മാധ്യമ പ്രവര്‍ത്തകന്റെ കെലായാളി താനല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മുഹമ്മദ് കൈഫ് എന്ന് പേരുള്ള എല്ലാവരും ക്രിക്കറ്റ് താരങ്ങളാകണമെന്നില്ലെന്നും തനിക്ക് തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നും കൈഫ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകനായ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി മുഹമ്മദ് കൈഫിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരം ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
നിന്റെ സഹോദരന്‍ ഇത് എന്ത് പണിയാണ് ചെയ്തതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ സഹോദരനെ വിളിച്ചിരുന്നുവെന്നും തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ മാത്രമേ അറിയുള്ളൂവെന്നും കൈഫ് ട്വീറ്റില്‍ വ്യക്തമാക്കി.
''വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഛത്തീസ്ഗഢിന്റെ ക്യാപ്റ്റനാണ് ഞാന്‍. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പകരം നിങ്ങള്‍ പ്രചോദനമാണ് നല്‍കേണ്ടത്'' കൈഫ് ട്വീറ്റില്‍ പറയുന്നു.