റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടി ഇന്ത്യയുടെ മനം കവര്‍ന്ന സാക്ഷി മാലിക്ക് ഒടുവില്‍ കാമുകനാരെന്ന് വെളിപ്പെടുത്തി. നാട്ടുകാരന്‍ തന്നെയായ ഗുസ്തി താരം സത്യവര്‍ത് കാഡിയാനാണ് സാക്ഷിയുടെ ഹൃദയം കവര്‍ന്നത്.
വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് സാക്ഷി നേരത്തെ പറഞ്ഞിരുന്നെങ്കിലും കാമുകന്റെ പേര് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. റിയോ ഒളിമ്പിക്‌സിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായും ഡിസംബറില്‍ വിവാഹമുണ്ടാകുമെന്നും സാക്ഷിയുടെ സഹോദരന്‍ സച്ചിന്‍ പറഞ്ഞു.
''സാക്ഷിയും സത്യവര്‍തും വിവാഹിതിരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. ഒരു ഉത്സവം പോലെ അവരുടെ വിവാഹം കൊണ്ടാടാനാണ് ഞങ്ങളുടെ തീരുമാനം. മത്സരവും ദേശീയ ക്യാമ്പുകളും ഇല്ലാത്തപ്പോള്‍ എന്റെ പരിശീലനക്കളരിയിലാണ് സത്യവര്‍ത് പരിശീലനം നടത്തുന്നത്.'' റോത്തക്കില്‍ ഗുസ്തി പരിശീലനക്കളരി നടത്തുന്ന സത്യവര്‍തിന്റെ അച്ഛന്‍ സത്യവാന്‍ വ്യക്തമാക്കി.
2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ താരമാണ് ഇരുപത്തി രണ്ടുകാരനായ സത്യവര്‍ത്. 97 കിലോഗ്രാം വിഭാഗത്തിലാണ് സത്യവര്‍ത് മത്സരിക്കുന്നത്.
സത്യവര്‍ത് എല്ലാ തരത്തിലും പിന്തുണ തരുന്നയാളാണെന്നും എന്റെ സ്വപ്‌നം സ്വന്തം സ്വപ്‌നം പോലെ സാക്ഷാത്കരിക്കാന്‍ കൂടെ നില്‍ക്കുന്നയാളാണെന്നും വിവാഹത്തിന് ശേഷം ഒരു നല്ല സുഹൃത്തിനെയാണ് തനിക്ക് ലഭിക്കുകയെന്നും സാക്ഷി നേരത്തെ പറഞ്ഞിരുന്നു.