ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്ന് ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി പറഞ്ഞു. കാമുകന്റെ പേര് രഹസ്യമാക്കി വെച്ച സാക്ഷി തന്നെപ്പോലെ ഒരു ഗുസ്തി താരം തന്നെയാണ് ഭാവി വരന്‍ എന്ന് വെളിപ്പെടുത്തി.
തന്റെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കുന്നയാളാണ് കാമുകനെന്നും ഇപ്പോഴുള്ളത് പോലെ തന്നെ വിവാഹ ശേഷവും അദ്ദേഹം ഒരു നല്ല സുഹൃത്തായിരിക്കുമെന്നും വിവാഹം കരിയറിനെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും സാക്ഷി പറഞ്ഞു.
അടുത്ത ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം സ്വര്‍ണമാക്കണമെന്നതാണ് സാക്ഷിയുടെ സ്വപ്നം. പെണ്‍കുട്ടികള്‍ക്ക് ഗുസ്തി വഴങ്ങില്ലെന്ന ജനങ്ങളുടെ കാഴ്ച്ചപ്പാട് മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സാക്ഷി പറഞ്ഞു. റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടി ഇന്ത്യക്കായി ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് റിയോയില്‍ സാക്ഷി സ്വന്തമാക്കിയത്.