ടോമിന്റെ സ്വര്‍ഗരാജ്യത്തില്‍


സിറാജ് കാസിം

5 min read
Read later
Print
Share

ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫിന്റെ കുടുംബ വിശേഷങ്ങള്‍

ടോമും ജെറിയും കുസൃതി കാണിച്ചുനില്‍ക്കുന്ന സ്വീകരണമുറിയിലേക്ക് മഴക്കോട്ട് ഊരിയെറിഞ്ഞ് റിയ ഓടിയെത്തുമ്പോള്‍ പിന്നാലെ ജാനറ്റുമുണ്ടായിരുന്നു. 'തല തോര്‍ത്തെടി മോളേ'യെന്ന് പറഞ്ഞ് തോര്‍ത്തുമായി ജാനറ്റ് റിയയുടെ പിന്നാലെ ഓടുമ്പോള്‍ പുറത്ത് ഗെയിറ്റിന് മുന്നില്‍ സ്‌കൂള്‍ ബസ്സിന്റെ ഹോണടി. എല്‍.കെ.ജിക്കാരന്‍ സ്റ്റുവാര്‍ട്ട് ചിണുങ്ങിക്കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ ജാനറ്റ് വീണ്ടും ഓട്ടം തുടങ്ങി.

കൈയിലെ പാക്കറ്റിലെ അരിമുറുക്ക് എല്ലാവരുടെയും നേരെ നീട്ടി ഒന്നര വയസ്സുകാരി ജുവല്‍ റോസ് സ്വീകരണമുറിയില്‍ ഒരു പുഴ പോലെ ഒഴുകി നടക്കുന്നു. തല തോര്‍ത്തലും യൂണിഫോം മാറ്റി ഉടുപ്പ് ധരിപ്പിക്കലും സ്‌നാക്സ് തീറ്റിക്കലുമൊക്കെയായി പിന്നീടങ്ങോട്ട് ആകെ ബഹളം. ഇതിനിടയില്‍ ചെറിയ ചെറിയ കുസൃതികളുമായി കുഞ്ഞുങ്ങളുടെ വഴക്കിടല്‍.

ചേച്ചി അതെടുത്തെന്ന് സ്റ്റുവര്‍ട്ട്. അവന്‍ ഇതെടുത്തെന്ന് റിയ. ജുവല്‍ മുറിയിലെല്ലാം മുറുക്ക് പൊടിച്ചിട്ടെന്ന് ഒരേ സ്വരത്തില്‍ റിയയും സ്റ്റുവര്‍ട്ടും...എല്ലാം കണ്ട് പുഞ്ചിരി തൂകി കഥാനായകന്‍ ടോം ജോസഫ് സോഫയിലിരിക്കുന്നു. 'അഞ്ച് മണിയായാല്‍ ഇതാണ് ഈ വീട്ടിലെ അവസ്ഥ. സംഘര്‍ഷഭൂമിയില്‍ പ്രശ്‌നം പരിഹരിക്കാനേ ജാനറ്റിന് നേരമുണ്ടാകൂ. പക്ഷേ ഇതെല്ലാം ഞങ്ങള്‍ സന്തോഷത്തോടെ ആസ്വദിക്കുന്നു...ഞങ്ങളുടെ സ്വര്‍ഗമാണിത്...', ടോം പറയുമ്പോള്‍ പുഞ്ചിരിയോടെ ജാനറ്റ് പ്രിയതമനോട് ചേര്‍ന്നുനിന്നു.

കാര്‍ട്ടൂണ്‍ ചിരിയുള്ള വീട്

ടോമും ജെറിയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച വീട്ടിലിരിക്കുമ്പോള്‍ ടോം ജോസഫ് എന്ന ഇന്ത്യന്‍ വോളിബോള്‍ താരത്തിന്റെ ഇഷ്ടങ്ങള്‍ നമുക്ക് മുന്നില്‍ പകല്‍പോലെ തെളിയും. 'കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ എനിക്കും കുടുംബത്തിനും വളരെ ഇഷ്ടമാണ്. മക്കള്‍ക്ക് സ്റ്റുവര്‍ട്ട്, ജുവല്‍ എന്നൊക്കെ പേരിട്ടതും ആ ഇഷ്ടത്തില്‍ തന്നെയായിരുന്നു.

റിയ മോള്‍ ടി.വിയില്‍ സ്ഥിരമായി കാണാറുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു സ്റ്റുവര്‍ട്ട് എന്ന വെളുത്ത എലി. അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്ന സമയത്താണ് മകന്‍ ജനിക്കുന്നത്. റിയയാണ് മോന് സ്റ്റുവര്‍ട്ട് എന്ന പേരിട്ടത്...',ടോം മക്കളുടെ പേരിടല്‍ കഥ പറഞ്ഞുകൊണ്ടിരിക്കെ പായസവുമായി ജാനറ്റ് മക്കളുടെ അരികിലെത്തി.

പായസം കുടിച്ചുകൊണ്ടിരിക്കെയാണ് ടോം ജുവലിന്റെ പേരിടല്‍ കഥ പറയാന്‍ തുടങ്ങിയത്. 'മൂന്നാമത്തെ കുട്ടി മോളാണെങ്കില്‍ ജുവല്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരിടാനായിരുന്നു എനിക്കിഷ്ടം. എന്നാല്‍ പൂക്കളെ ഒരുപാട് സ്നേഹിച്ചിരുന്ന ജാനറ്റിനാകട്ടെ റോസ് എന്ന പേരായിരുന്നു ഇഷ്ടം. ഒടുവില്‍ പേരിടല്‍ ഒരു തര്‍ക്കത്തിലേക്ക് നീങ്ങി...',

ടോം കഥ പറഞ്ഞുകൊണ്ടിരിക്കെ റിയ ഇടയ്ക്കു കയറി. 'ബാക്കി കഥ ഞാന്‍ പറയാട്ടോ. പപ്പയും അമ്മയും തമ്മില്‍ പേരിടല്‍ തര്‍ക്കം വല്യ പ്രശ്‌നായി. അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്. ഞാന്‍ ഒരു പേര് നിര്‍ദേശിച്ചു. അത് രണ്ടാള്‍ക്കും ഇഷ്ടായി...ആ പേരാണ് ജുവല്‍ റോസ്...', റിയ പേരിടല്‍ കഥയുടെ ക്ലൈമാക്സിലെത്തുമ്പോള്‍ പാല്‍പുഞ്ചിരിയോടെ ജുവല്‍ ചേച്ചിക്ക് നേരെയും അരിമുറുക്ക് നീട്ടി.

പൊറോട്ട...മുട്ട...ഓട്ടം

മലയാളത്തിന്റെ അഭിമാനമായ, അര്‍ജുന പുരസ്‌കാര ജേതാവായ ടോം ജോസഫ്- ഇന്ത്യന്‍ വോളിബോളിന്റെ മലയാള മുഖമായ ടോമിന്റെ തുടക്കം എങ്ങനെയായിരുന്നു? ചോദ്യം കേട്ട് ടോം പെട്ടെന്ന് ഗൗരവത്തിലായി. 'വോളിബോള്‍ എന്റെ ജീവനാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തൊട്ടില്‍പ്പാലം വോളി അക്കാഡമിയിലെത്തുന്നത്.

മെലിഞ്ഞ് ഉയരം കൂടിയ എന്റെ ശരീരപ്രകൃതി കണ്ട് തോമസ് മാഷാണ് അക്കാഡമിയിലേക്ക് കൊണ്ടുപോയത്. ക്യാമ്പില്‍ പോകാന്‍ എനിക്കും വലിയ ഇഷ്ടായിരുന്നു. അവിടെ ചെന്നാല്‍ മുട്ട പുഴുങ്ങിയതും ചായയും കിട്ടും. വീട്ടില്‍ നിന്ന് നാല് കി.മീ അകലെയാണ് അക്കാഡമി. ബസ് കാശായി അപ്പന്‍ എനിക്ക് ഒരു രൂപ തരും. പക്ഷേ ഞാന്‍ ആ കാശ് ലാഭിക്കാനായി ബസ്സില്‍ പോകാറില്ല.

ദിവസവും നാല് കി.മീ ഓടിയാണ് ക്യാമ്പിലെത്താറുള്ളത്. ലാഭം പിടിക്കുന്ന ബസ് കാശ് കൊണ്ട് പൊറോട്ട വാങ്ങലായിരുന്നു പ്രധാനം. മുട്ടയും കൂട്ടി പൊറോട്ടയും തിന്ന് അങ്ങനെ നടക്കും. അതിനിടിയല്‍ പരിശീലനം തുടങ്ങുന്നതിന്റെ മുന്നോടിയായ കോച്ചിന്റെ വക രണ്ട് കി.മീ ഓടിക്കലുമുണ്ടാകും. അങ്ങനെ ആകെ മൊത്തം ടോട്ടല്‍ ഓട്ടം തന്നെയായിരുന്നു ആ കാലം...', ടോം വോളിബോളിന്റെ തുടക്ക കാലം ഓര്‍ത്തെടുക്കുമ്പോള്‍ കൗതുകത്തോടെ കേട്ടുനില്‍ക്കുകയായിരുന്നു റിയ.

പാവം പാവം ടോം

കുട്ടികള്‍ സ്‌കൂള്‍ വിട്ടുവന്നതിന്റെ ബഹളം തുടരുന്നതിനിടയിലാണ് ടോമിനോട് ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചത്. ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ്...ചോദ്യം തീരുംമുമ്പേ തകര്‍പ്പനൊരു സ്മാഷ് പോലെ ടോമിന്റെ ഉത്തരമെത്തി. 'ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഇനിയും എത്രകാലം കളിക്കാമോ, അത്രയും കളിക്കണം. രാജ്യത്തിനായി നേടുന്ന ഓരോ വിജയവും അഭിമാനമാണ്..ആഹ്ലാദമാണ്.

കളി തന്നെയാണ് എന്റെ ജീവിതവും സന്തോഷവും...', ടോമിന്റെ ഉത്തരം കേട്ടപ്പോള്‍ ഇഷ്ടം വിട്ട് അടുത്ത ചോദ്യം അനിഷ്ടത്തെപ്പറ്റി ജാനറ്റിനോട് ചോദിക്കാനാണ് തോന്നിയത്. ടോമില്‍ ജാനറ്റ് കാണുന്ന ദൗര്‍ബല്യം എന്താണ്? ചോദ്യം കേട്ട് ജാനറ്റ് ഭര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി. പറഞ്ഞാല്‍ കുഴപ്പമാകുമോയെന്ന മട്ടിലൊരു നോട്ടം...അടുത്ത നിമിഷം 'നീ പറഞ്ഞോടീ' എന്ന ടോമിന്റെ പിന്തുണ കിട്ടിയതോടെ ജാനറ്റ് ചിരിച്ചു. ' ടോം നല്ലൊരു മനുഷ്യനും ഭര്‍ത്താവുമൊക്കെയാണ്. പക്ഷേ ആര് എന്ത് പറഞ്ഞാലും എപ്പോഴും അതൊക്കെ കേട്ടിരിക്കുന്ന പുള്ളിയുടെ ലൈന്‍ എനിക്കിഷ്ടമല്ല.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ ഇത്ര പാവത്താനാകുന്നത് ശരിയല്ല...ഞാന്‍ ഇക്കാര്യം ഇതിന് മുമ്പും ടോമിനോട് പറഞ്ഞിട്ടുണ്ട്...', ഭാര്യയുടെ വിലയിരുത്തല്‍ കേട്ട് ടോം പതിവ് പോലെ ചിരിച്ചു. ഭര്‍ത്താവിലെ പാവത്താനെ ഇഷ്ടപ്പെടാത്ത ജാനറ്റിനെ കുറിച്ച് ടോമിന്റെ അഭിപ്രായം എന്തായിരിക്കും. ജാനറ്റില്‍ ടോം കാണുന്ന ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്.

' ഇവള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രത്യേകതയായി എനിക്ക് തോന്നിയത് വഴക്കിട്ട് കഴിഞ്ഞാലുള്ള അവസ്ഥയാണ്. എത്ര വലിയ വഴക്കിട്ടാലും പത്ത് മിനിട്ട് കഴിഞ്ഞാല്‍ അവള്‍ ഇഷ്ടം കൂടാന്‍ തിരിച്ചെത്തും. വഴക്ക് നീണ്ടുനില്‍ക്കുന്നത് അവള്‍ക്ക് ഒരിക്കലും ഇഷ്ടമല്ല. അവളുടെ ഈ സ്വഭാവമാണ് എനിക്ക് ഏറെയിഷ്ടം...', ടോം പറഞ്ഞപ്പോള്‍ വഴക്ക് മാറിയതുപോലെയുള്ള ഒരിഷ്ടത്തില്‍ ജാനറ്റ് ചിരിച്ചു.

കുളുവില്‍ പോണം...പ്ലീസ്

രാജ്യത്തിനായി കളിക്കുന്ന ഒരു താരത്തിന്റെ ഭാര്യയല്ലേ ജാനറ്റ്. തിരക്കുകള്‍ക്കിടയില്‍ ടോമിനെ വല്ലാതെ മിസ് ചെയ്യുന്നില്ലേ...കുടുംബം ഒറ്റയ്ക്ക് നോക്കേണ്ട അവസ്ഥയുണ്ടാകുന്നില്ലേ...ചോദ്യം കേട്ടതോടെ ഇത്രനേരം ഇത് ചോദിക്കാതിരുന്നതെന്തേയെന്ന മട്ടില്‍ ജാനറ്റ് വാചാലയായി. ' ടോമിനെ തിരക്ക് മൂലം കിട്ടാത്തത് വലിയ പ്രശ്‌നം തന്നെയാണ്. ജോലിക്കിടയില്‍ മക്കളുടെ കാര്യവും വീട്ടുകാര്യവുമൊക്കെ നോക്കി പോകാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അതൊക്കെ സഹിക്കാം. പക്ഷേ ഒരുമിച്ച് പ്ലാന്‍ ചെയ്ത യാത്രകള്‍ പോലും പലപ്പോഴും നടക്കാറില്ല.

കശ്മീരിലും കുളുവിലും മണാലിയിലുമൊക്കെ പോകാന്‍ പല തവണ പ്ലാന്‍ ചെയ്തെങ്കിലും അതൊന്നും നടന്നിട്ടില്ല....', ജാനറ്റ് സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍ പൂരിപ്പിക്കാനെത്തിയത് റിയയായിരുന്നു.... 'പപ്പാ, ഇത്തവണയെങ്കിലും കുളുവില്‍ പോണം, പ്ലീസ്...' മറുപടി പറയാതെ ചിരിച്ച ടോമിനടുത്തേക്ക് വന്ന സ്റ്റുവര്‍ട്ട് പാക്കറ്റില്‍ നിന്ന് ഒരു അരി മുറുക്ക് എടുത്ത് പപ്പയുടെ വായിലേക്ക് സ്‌നേഹപൂര്‍വം വെച്ചുകൊടുത്തു. ടോം മുറുക്ക് വായിലിട്ട് പൊട്ടിക്കുമ്പോള്‍ അടുത്തെത്തി സ്റ്റുവര്‍ട്ട് ആ കാതില്‍ പറഞ്ഞു... 'മുറുക്ക് തന്നില്ലേ പപ്പാ...പ്ലീസ് നമുക്ക് കുളുവില്‍ പോകാം...'

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍...

സ്റ്റുവര്‍ട്ടിന് ചോക്ലേറ്റ് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ടോമിനോടും ജാനറ്റിനോടും ആ മധുര കാലത്തെക്കുറിച്ച് ചോദിച്ചത്. കോഴിക്കോട്ടുകാരായ ഇരുവരും ആദ്യമായി കണ്ടതെന്നാണ്...പ്രണയം നിറഞ്ഞ് തുളുമ്പിയ ഫ്ളാഷ് ബാക്കിലേക്ക് ആദ്യം പോയത് ജാനറ്റായിരുന്നു. ' എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ടോമിനെ ആദ്യമായി കാണുന്നത്.

ആ സമയത്താണ് എന്റെ കുടുംബം ടോമിന്റെ നാടായ കോഴിക്കോട് തൊട്ടില്‍പ്പാലത്തെ പൂതംപാറയിലെത്തുന്നത്. അയല്‍പക്കക്കാരായ ഞങ്ങള്‍ ഒരേ ഇടവകക്കാരായതോടെ പള്ളികളില്‍ വെച്ചാണ് കണ്ടുമുട്ടിയിരുന്നത്. അന്നൊക്കെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ കുര്‍ബാനക്കിടെ കണ്ടുമുട്ടുമ്പോള്‍ സംസാരമൊന്നുമില്ല. കണ്ണും കണ്ണും തമ്മില്‍ എന്തൊക്കെയോ പറഞ്ഞിരിക്കണം. പള്ളിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ അങ്ങാടിയില്‍ വെച്ചും ഞങ്ങള്‍ പരസ്പരം കാണും.

അപ്പോഴും കണ്ണും കണ്ണും തമ്മില്‍ മാത്രം സംസാരിക്കും...', ജാനറ്റ് മൗനപ്രണയത്തിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ടോം ഇടയ്ക്കു കയറി. 'പക്ഷേ, ഇതിനിടയിലും ഞങ്ങള്‍ സംസാരിച്ചിരുന്നൂട്ടോ...വീട്ടുകാരുടെ മുന്നില്‍വെച്ച്. ഇവളോട് പ്രണയം തോന്നിയപ്പോ വീട്ടുകാരോട് കാര്യം പറഞ്ഞു. അവര്‍ തന്നെയാണ് ആലോചനയുമായി ജാനറ്റിന്റെ വീട്ടിലെത്തിയത്. ആ സമയത്ത് അവള്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഒടുവില്‍ ഞങ്ങള്‍ ഒന്നായി...', പ്രണയ കഥ പറയുമ്പോള്‍ ടോമും ജാനറ്റും അല്പം നാണത്തോടെ കണ്ണില്‍ കണ്ണില്‍ നോക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram