സതാംപ്ടണ്‍: ഈ നൂറ്റാണ്ടിലെ മികച്ച ബൗളിങ് പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കെയ്ല്‍ ആബോട്ട്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംഷെയറും സോമര്‍സെറ്റും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി 17 വിക്കറ്റുകളാണ് ഈ ഹാംഷെയര്‍ താരം സ്വന്തമാക്കിയത്. 63 വര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും ആബോട്ടിന്റെ പ്രകടനത്തിനാണ്.
1956-ല്‍ ഓസീസിനെതിരേ 90 റണ്‍സ് വിട്ടുകൊടുത്ത് 19 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് താരം ജിം ലേക്കര്‍ക്കു ശേഷം ഒരു ബൗളറുടെ മികച്ച പ്രകടനവും ഇതാണ്. 86 റണ്‍സ് മാത്രം വഴങ്ങിയാണ് ആബോട്ട് 17 വിക്കറ്റുകള്‍ വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ 40-ന് ഒമ്പത് വിക്കറ്റുകള്‍ പിഴുത ആബോട്ട് രണ്ടാം ഇന്നിങ്‌സില്‍ 46-ന് എട്ടു വിക്കറ്റുകളും വീഴ്ത്തി. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ 17 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം കൂടിയാണ് ആബോട്ട്. ആബോട്ടിന്റെ ഈ റെക്കോഡ് പ്രകടനത്തില്‍ 136 റണ്‍സിനാണ് സോമര്‍സെറ്റ് മത്സരം തോറ്റത്.
അതേസമയം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 1996-ല്‍ ഒരു ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കാര്‍ഡിഗന്‍ കോണറിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഹാഷെയര്‍ ബൗളറാണ് ആബോട്ട്.
Content Highlights: Kyle Abbott records best first-class match figures since 1956