റോം: കായികലോകത്ത് ലോക പ്രശസ്തരായ കളിക്കാരുടെ വിരമിക്കല്‍ മത്സരങ്ങള്‍ അവിസ്മരണീയമാക്കുന്നത് ആരാധകരുടെ പതിവാണ്. ഇത്തരത്തില്‍ ഇഷ്ട താരത്തിന്റെ വിരമിക്കല്‍ മത്സരം അടിപൊളിയാക്കാനുള്ള ആരാധകരുടെ പ്രവൃത്തി കാരണം പണി കിട്ടിയത് ക്ലബ്ബിനും.
ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ലോവര്‍ ഡിവിഷനില്‍ കളിച്ചിട്ടുള്ള ഇഗ്നാസിയോ ബാര്‍ബാഗല്ലോയുടെ വിരമിക്കല്‍ മത്സരമാണ് ഇത്തരത്തില്‍ അലങ്കോലമായത്.
വയാഗ്രാന്‍ഡെയും നെബ്രോഡിയും തമ്മില്‍ നടന്ന കാറ്റനീസ് മൂന്നാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരം നടന്നുകൊണ്ടിരിക്കെ മൈതാനത്തേക്ക് ഒരു ഹെലിക്കോപ്റ്റര്‍ പറന്നിറങ്ങി. അതില്‍ നിന്നും മുഖമൂടി ധരിച്ച് ചാടിയിറങ്ങിയ മൂന്നുപേര്‍ ബാര്‍ബാഗല്ലോയെ ഹെലിക്കോപ്റ്ററില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ലീഗില്‍ താരങ്ങളുടെ വിരമിക്കല്‍ മത്സരത്തിനിടെ ഇത്തരത്തിലുള്ള 'വ്യാജ ഹെലികോപ്റ്റര്‍ തട്ടിക്കൊണ്ടുപോകല്‍' പതിവാണെങ്കിലും ഇത്തവണത്തേത് ഒറിജനലാണെന്ന തോന്നലുളവാക്കുന്നതായിരുന്നു.
ഹെലികോപ്റ്റര്‍ മൈതാനത്ത് ഇറങ്ങിയ ഉടനെ റോട്ടറുകളില്‍ നിന്നും പൊടിയും അഴുക്കും എല്ലായിടത്തേക്കും തെറിച്ചതോടെ ഇത് കളി തടസ്സപ്പെടാനും കാരണമായി. ഇതോടെ പ്രാദേശിക ഫുട്ബോള്‍ മേധാവികള്‍ വിഷയത്തില്‍ ഇടപെട്ടു. മുന്‍കൂട്ടി നിശ്ചയിച്ച മത്സരം തടസപ്പെടുത്തിയതിനും കാണികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുവദിച്ചതിനും വയാഗ്രാന്‍ഡെയ്ക്ക് മുട്ടന്‍ പണിയും കിട്ടി. ക്ലബ്ബിന് 200 യൂറോ പിഴയിട്ട അധികൃതര്‍ അവരെ മേയ് അവസാനം വരെ വിലക്കുകയും ചെയ്തു.
എന്തൊക്കെയായലും ഫുട്ബോള്‍ ലോകം എന്നും ഓര്‍ത്തിരിക്കുന്ന രീതിയിലുളള അത്യുഗ്രന്‍ യാത്രയയപ്പാണ് 55-കാരനായ ഇഗ്നാസിയോ ബാര്‍ബാഗല്ലോയ്ക്ക് ആരാധകര്‍ ഒരുക്കിക്കൊടുത്തത്.
Content Highlights: italian footballers retirement match stopped by helicopter kidnapping