മണ്ണാര്‍ക്കാട്: പ്രായം 50 പിന്നിട്ടെങ്കിലും തന്റെ ഗോളടിമികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഗോളിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
പാലക്കാട് മണ്ണാര്‍ക്കാടുവെച്ചു നടന്ന ഒരു പ്രദര്‍ശന മത്സരത്തിലായിരുന്നു ഐ.എം വിജയന്റെ ആ വണ്ടര്‍ ഗോള്‍. ബോക്‌സിനു പുറത്തുനിന്ന് വലംകാലുകൊണ്ട് പന്ത് നിയന്ത്രിച്ച് ഐ.എം വിജയന്റെ ലോംങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലതുമൂലയില്‍ കയറി.
മണ്ണാര്‍ക്കാടുവെച്ചു നടന്ന മത്സരത്തിനിടെ കാണികളിലാരോ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്ത് തനിക്ക് തന്നതെന്ന് ഐ.എം വിജയന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
1995-ലെ സിസേഴ്സ് കപ്പിലെ അദ്ദേഹത്തിന്റെ സിസര്‍കട്ട് ഗോള്‍ ഏറെ പ്രശസ്തമാണ്. ഇന്ത്യയ്ക്കായി 79 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകള്‍ നേടിയ വിജയന്‍ 2003 ഒക്ടോബറിലെ ആഫ്രോ - ഏഷ്യന്‍ ടൂര്‍ണമെന്റിനു പിന്നാലെയാണ് ബൂട്ടഴിച്ചത്.
കരിയറില്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി. മില്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ്.സി. കൊച്ചിന്‍ തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
Content Highlights: IM Vijayan's Wonder Goal is a hit on social media