ദുബായ്: മടല്‍ ബാറ്റില്‍ എം.ആര്‍.എഫ് എന്ന മൂന്ന് അക്ഷരങ്ങള്‍ വരച്ചുവെച്ച് അതുകൊണ്ട് ബാറ്റ് ചെയ്തതിന്റെ ഓര്‍മകള്‍ ഇപ്പോള്‍ ഈ വാര്‍ത്ത വായിക്കുന്ന പലര്‍ക്കും പങ്കുവെയ്ക്കാനുണ്ടാകും. ആ ബാറ്റ് വെച്ച് സാക്ഷാല്‍ സച്ചിന്‍ ക്രീസിലേക്കിറങ്ങുന്നതു പോലെ സങ്കല്‍പ്പിച്ചവരാകും പലരും.
മടല്‍ ബാറ്റിന്റെ ഈ നൊസ്റ്റാള്‍ജിയ സാധാരണക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുകയാണ് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ചാള്‍സ് ലാറ. താന്‍ ബാറ്റു ചെയ്ത് തുടങ്ങിയതും ഇത്തരത്തില്‍ മടല്‍ ബാറ്റുകൊണ്ടായിരുന്നുവെന്നാണ് ലാറ പറയുന്നത്. ഐ.സി.സിയുടെ ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ലാറയ്ക്ക് നാലു വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ചേട്ടനാണ് ഓലമടല്‍ കൊണ്ട് ക്രിക്കറ്റ് ബാറ്റുണ്ടാക്കി കൊടുത്തത്. അന്ന് കയ്യില്‍കിട്ടുന്നതെന്തുവെച്ചും ക്രിക്കറ്റ് കളിച്ചിരുന്നുവെന്ന് ലാറ പറയുന്നു. ഓറഞ്ച്, മാര്‍ബിള്‍ എന്നിവകൊണ്ട് തെരുവിലും അടുത്തുള്ള പറമ്പിലുമായിരുന്നു കളി.
ഇങ്ങനെ മടല്‍ ബാറ്റുകൊണ്ട് കളിതുടങ്ങിയ ആ വിന്‍ഡീസുകാരന്റെ ടെസ്റ്റിലെ 400 റണ്‍സെന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇപ്പോഴും ആരാലും തൊടാന്‍ പറ്റാതെ റെക്കോഡ് ബുക്കില്‍ പൊടിപിടിച്ചുകിടപ്പുണ്ട്. അതിനും മുന്‍പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 501 റണ്‍സ് സ്‌കോര്‍ ചെയ്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് ലാറ. 2004 ഏപ്രിലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ലാറയുടെ 400 റണ്‍സ് പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം 1994-ലും.
ക്രിക്കറ്റിനെ കൂടാതെ ഫുട്ബോളിലും ടേബിള്‍ ടെന്നീസിലും ലാറ ഒരു കൈനോക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ക്രിക്കറ്റും, മഴക്കാലത്ത് ഫുട്ബോളുമായിരുന്നു പതിവ്. വിന്‍ഡീസിലെ കാലാവസ്ഥയാണ് ഇത്തരത്തില്‍ കളംമാറ്റിച്ചവിട്ടാന്‍ ലാറയെ പ്രേരിപ്പിച്ചത്.
താന്‍ ക്രിക്കറ്റ് താരമായതില്‍ അച്ഛന് വലിയ സ്വാധീനമുണ്ടെന്നും ലാറ പറഞ്ഞു. ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അച്ഛന്‍. ഗ്രാമത്തില്‍ അദ്ദേഹം ക്രിക്കറ്റ് ലീഗും നടത്തിയിരുന്നു. ഞാന്‍ കുറച്ചു മാത്രം ഫുട്ബോളും, ടേബിള്‍ ടെന്നീസും, കൂടുതല്‍ ക്രിക്കറ്റും കളിക്കുന്നുണ്ടെന്ന് അച്ഛന്‍ ഉറപ്പുവരുത്തിയിരുന്നുവെന്നും ലാറ ഓര്‍മ്മിച്ചു.
ടെസ്റ്റില്‍ 52.88 ശരാശരിയോടെ 11,953 റണ്‍സും ഏകദിനത്തില്‍ 40.48 ശരാശരിയോടെ 10,405 റണ്‍സും ലാറ നേടിയിട്ടുണ്ട്.
Content Highlights: i started playing cricket with bat made out of coconut branch brian lara