ട്വിറ്ററില്‍ സജീവമാണ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. സെവാഗിന്റെ പല ട്വീറ്റുകളും തമാശ നിറഞ്ഞതായിരിക്കും. എന്നാല്‍ ഇത്തവണ സെവാഗിന് തന്റെ ട്വീറ്റിന് അതിലും തമാശ കലര്‍ന്നൊരു മറുപടി ലഭിച്ചു. ഇന്ത്യന്‍ താരമായ പാര്‍ത്ഥിവ് പട്ടേലാണ് സെവാഗിന് മറുപടി നല്‍കി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.
കൈപ്പത്തിയുടെ രൂപത്തിലുള്ള റൊട്ടിയുടെ ചിത്രത്തില്‍ നിന്നാണ് ഈ ട്വീറ്റ് തുടങ്ങുന്നത്. ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് അതിന് താഴെ സെവാഗ് ഒരു കുറിപ്പുമെഴുതി. അതിങ്ങനെയായിരുന്നു ' ആദ്യമായി വീട്ടിലെത്തിയ നവവധുവിനോട് ഭര്‍ത്താവ് കൈകൊണ്ട് ചപ്പാത്തിയുണ്ടാക്കാന്ഡ പറഞ്ഞതാണ് ഈ കാണുന്നത്'.
അവിടെയും നിന്നില്ല സെവാഗിന്റെ ട്വീറ്റ്. പാര്‍ത്ഥിവ് പട്ടേലിനുള്ള ട്രോളായിരുന്നു അടുത്തതത്. ദക്ഷിണാഫ്രിക്കയിലേക്ക് കൈയ്യുറ കൊണ്ടുപോയിട്ടില്ലെങ്കില്‍ ഇത് അങ്ങോട്ട് അയക്കാം എന്നായിരുന്നു സെവാഗ് പാര്‍ത്ഥിവിനെ ടാഗ് ചെയ്ത് കുറിച്ചത്.
ഇതിന് പാര്‍ത്ഥിവില്‍ നിന്ന് ഒന്നാന്തരം മറുപടി ലഭിച്ചു. തന്റെ കൈപ്പത്തിയുടെ വലിപ്പത്തിന് പാകമായ കൈയ്യുറ കൊണ്ടുപോയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ തണുപ്പ് കൂടുമ്പോള്‍ ഉപയോഗിക്കാന്‍ വീരു തന്നെ അത് കൈയില്‍ വെച്ചോളൂ എന്നായിരുന്നു പാര്‍ത്ഥിവിന്റെ മറുപടി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറുടെ റോളിലാണ് പാര്‍ത്ഥിവ്. നിലവില്‍ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കുന്നത്. സാഹയ്ക്ക് പരിക്കേറ്റാലോ മോശം ഫോമിലായാലോ പാര്‍ത്ഥിവിന് അവസരം ലഭിച്ചേക്കും.
Content Highlights: How Parthiv Patel stumped troll Virender Sehwag on Twitter