കവര്‍ ഫോട്ടോയില്‍ ചരിത്രമെഴുതി അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിന്‍ ആയ സ്‌പോര്‍ട്‌സ് ഇല്ലൂസ്‌ട്രേറ്റര്‍. ബികിനിക്ക് പകരം ഹിജാബും ബുര്‍കിനിയും (ഒരു തരം സ്വിം സ്യൂട്ട്) ധരിച്ച കവര്‍ ഗേളുമായാണ് ഇത്തവണത്തെ സ്‌പോര്‍ട്‌സ് ഇല്ലൂസ്‌ട്രേറ്റര്‍ മെയ് എട്ടിന് പുറത്തിറങ്ങുന്നത്. മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടി കവര്‍ ഗേള്‍ ആകുന്നത്. അമേരിക്കയ്ക്കാരിയായ ഹലീമ ഏദനാണ് മോഡല്‍.
ഈ കവര്‍ ഫോട്ടോ ഹലീമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീല ബുര്‍കിനിയും പച്ച ഹിജാബും ധരിച്ച് വെള്ളത്തില്‍ പാതി മുങ്ങിയതുപോലെ ഹലീമ കിടക്കുന്നതാണ് ചിത്രത്തില്‍. സൊമാലിയന്‍ വംശജയായ ഹലീമ കെനിയയിലെ കാകുമ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. പിന്നീട് ഏഴാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
മോഡലിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ 21-കാരി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 2016 മിസ്സ് യു.എസ്.എ മത്സരത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത് വാര്‍ത്താ തലക്കെട്ടില്‍ ഹലീമ ഇടം നേടി. അന്ന് സ്വിം സ്യൂട്ട് റൗണ്ടിലും ബുര്‍കിനിയാണ് ധരിച്ചിരുന്നത്.
അമേരിക്കന്‍ ടിവി ഷോ ആയ ഗുഡ്‌മോണിങ് അമേരിക്കയില്‍ തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ 21-കാരി പങ്കുവെച്ചു. അത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരുന്നെന്നും സന്തോഷത്താല്‍ കരഞ്ഞുപോയെന്നും ഹലീമ പറയുന്നു. ബികിനി ധരിക്കുന്ന ഒരു സ്ത്രീയെപ്പോലെ തന്നെയാണ് ബുര്‍കിനി ധരിക്കുന്ന സ്ത്രീയെന്നും ബുര്‍കിനി ധരിക്കുന്നവളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നുമാണ് ഈ കവര്‍ ഫോട്ടോയിലൂടെ മാഗസിന്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതു രണ്ടും സ്ത്രീത്വത്തിന്റെ ആഘോഷമാണെന്നും ഹലീമ പറയുന്നു.
Content Highlights: Halima Aden Makes History as First Model to Wear a Hijab and Burkini for Sports Illustrated