കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസങ്ങളിലൊന്നായ ഐ.എം. വിജയനുമൊത്ത് ഐ.എസ്.എല്‍. ഫുട്ബോള്‍ കാണല്‍... ആവേശത്തിന്റെ തുഴയെറിയുന്ന വള്ളംകളിയുടെ ആഹ്ലാദം നുണഞ്ഞ് കായലോളങ്ങളില്‍ അല്‍പനേരം... ജര്‍മന്‍ ബുണ്ടസ് ലിഗയിലെ ക്ലാസിക് പോരാട്ടമായ ബയേണ്‍ മ്യൂണിക് - ബൊറൂസ്സിയ ഡോര്‍ട്മുണ്ട് മത്സരത്തിന്റെ സ്‌ക്രീനിങ് കാണാന്‍ കേരളത്തിലെ ആരാധകര്‍ക്കൊപ്പം ഒരു രാത്രി... മുന്‍ ജര്‍മന്‍ അന്താരാഷ്ട്ര താരവും ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളുമായ പാട്രിക് ഒവോമൊയേലയുടെ കേരള സന്ദര്‍ശനം ആവേശകരമായിരുന്നു. ജര്‍മന്‍ ബുണ്ടസ് ലീഗിന്റെ പ്രചാരണാര്‍ഥം കേരളത്തിലെത്തിയ പാട്രിക് ഒവോമൊയേല സംസാരിക്കുന്നു.
വിജയന്‍ സൂപ്പര്‍സ്റ്റാറല്ലേ
ആദ്യമായാണ് ഞാന്‍ ഐ.എസ്.എല്‍. മത്സരം നേരിട്ടു കാണുന്നത്. ബ്ലാസ്റ്റേഴ്സും ഒഡിഷയും തമ്മിലുള്ള കളി കാണാനെത്തിയപ്പോള്‍ ഐ.എം. വിജയനേയും കണ്ടുമുട്ടി. ഒരുമിച്ചിരുന്നു കളി കാണുന്നതിനിടെ അദ്ദേഹവുമായി സംസാരിച്ചു. കളി നിര്‍ത്തി ഇത്രനാള്‍ കഴിഞ്ഞിട്ടും ഇവിടെ നല്ല ജനപ്രീതിയുണ്ട്. വിജയന്‍ ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍സ്റ്റാറല്ലേ.
മഞ്ഞ എനിക്കുമിഷ്ടം
ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കൊപ്പം കൊച്ചി സ്റ്റേഡിയത്തില്‍ കളി കാണാനിരുന്നപ്പോള്‍ വലിയ ആവേശം തോന്നി. മഞ്ഞ എന്റെ ഇഷ്ട നിറമാണ്. ഡോര്‍ട്മുണ്ടിനായി മഞ്ഞക്കുപ്പായത്തില്‍ കളിച്ചതിന്റെ മറ്റൊരു കാഴ്ചയാണ് ഞാന്‍ കൊച്ചിയില്‍ കണ്ടത്. ബ്ലാസ്റ്റേഴ്സിനെ ആരാധകര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി. ജയിക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് ഒഡിഷക്കെതിരേ നന്നായി കളിച്ചു. കേരളത്തിലേക്ക് ആദ്യമായാണ് വരുന്നത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് കാണാന്‍ അവസരം കിട്ടിയതാണ് ഈ യാത്രയിലെ ത്രില്‍.
കേരളവും ബുണ്ടസ് ലിഗയും
കേരളത്തില്‍ ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് വലിയ ആരാധകരുണ്ടെന്ന് മനസ്സിലായി. ബയേണ്‍ മ്യൂണിക്കും ബൊറൂസ്സിയ ഡോര്‍ട്മുണ്ടും തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാന്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ ആയിരത്തോളം ആരാധകര്‍ എത്തുമെന്ന് പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ജര്‍മന്‍ ആരാധകക്കൂട്ടമാണിത്. ജര്‍മന്‍ ഫുട്ബോളിനുവേണ്ടി കേരളത്തിലേക്ക് ഇനിയും വരാന്‍ എനിക്കു സന്തോഷമേയുള്ളൂ.
Content Highlights: german footballer patrick owomoyela and im vijayan