ന്യൂഡല്‍ഹി: തന്റെ പേര് ദുരുപയോഗം ചെയ്ത് മദ്യശാല തുടങ്ങിയതിനെതിരെ ഗൗതം ഗംഭീര്‍. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഗംഭീര്‍. ന്യൂഡല്‍ഹിയില്‍ തുടങ്ങുന്ന മദ്യശാല തന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നുവെന്നും ഇത് തടയണമെന്നുമാണ് ഗംഭീറിന്റെ ആവശ്യം.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലുള്ള ഗുംഗ്‌റൂ ആന്റ് ഹവാലത്ത് എന്ന പേരിലുള്ള മദ്യശാലക്കെതിരെയാണ് ഗംഭീര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യശാലയുടെ പേരിന് താഴെ 'ബൈ ഗൗതം ഗംഭീര്‍' എന്ന് ഉപയോഗിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഗംഭീറിന്റെ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ആര്‍.എസ് എന്‍ഡ്‌ലോ മദ്യശാലക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
മദ്യശാല തന്റെ പേരിലുള്ളതാണെന്ന് ജനം തെറ്റിദ്ധരിക്കുമെന്നും ക്രിക്കറ്റിലെ പ്രകടനത്തിലൂടെ നേടിയ സല്‍പ്പേര് ഇതിലൂടെ കളങ്കളപ്പെടുമെന്നും ഗംഭീര്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം തന്റെ പേര് ഗൗതം ഗംഭീര്‍ ആണെന്നും അതുകൊണ്ടാണ് ബാറിന്റെ പേരില്‍ ഗൗതം ഗംഭീര്‍ എന്നു ചേര്‍ത്തതെന്നും മദ്യശാലയുടെ ഉടമസ്ഥന്‍ വ്യക്തമാക്കി. ഗൗതം ഗംഭീര്‍ എന്ന പേരില്‍ ഒരു ക്രിക്കറ്റ് താരം മാത്രമല്ല ഉള്ളതെന്നും ഉടമസ്ഥന്‍ വാദിക്കുന്നു.