വെല്ലിങ്ടണ്‍: വിരമിച്ച ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെട്ടോറിക്ക് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആദരം. വെട്ടോറി ഉപയോഗിച്ചിരുന്ന പതിനൊന്നാം നമ്പര്‍ ജേഴ്സി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍നിന്ന് ബോര്‍ഡ് പിന്‍വലിച്ചു. കിവീസ് ടീമില്‍ ഇനിയാരും 11-ാം നമ്പര്‍ ജേഴ്‌സി ധരിച്ചു കളിക്കാനിറങ്ങില്ല.
2007 മുതല്‍ 2011 വരെ കിവീസ് ടീമിനെ നയിച്ചത് വെട്ടോറിയായിരുന്നു. 2015 ലോകകപ്പിനു പിന്നാലെയാണ് വെട്ടോറി വിരമിച്ചത്. ഇതിനുപുറമേ 200 ഏകദിനത്തിലധികം കളിച്ച എല്ലാ താരങ്ങളുടെയും ജേഴ്സി നമ്പറുകള്‍ പിന്‍വലിക്കാനും ബോര്‍ഡ് തീരുമാനിച്ചു. ന്യൂസീലന്‍ഡിനായി 291 ഏകദിനം കളിച്ച വെട്ടോറിക്ക് 305 വിക്കറ്റും 2253 റണ്‍സുമുണ്ട്.
113 ടെസ്റ്റില്‍ നിന്ന് 362 വിക്കറ്റും 4531 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 4000 റണ്‍സും 300 വിക്കറ്റും തികച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ വെട്ടോറിയാണ്.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജേഴ്‌സി ബിസിസിഐ പിന്‍വലിച്ചിരുന്നു.
Content Highlights: former New Zealand all-rounder Daniel Vettori's jersey number 11 has been retired