ഗോള്‍: ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ടിം സൗത്തിയെ നമുക്ക് എന്തിനോടെല്ലാം ബന്ധപ്പെടുത്താം? സ്വിങ് ബൗളിങ്, പേസര്‍, വിക്കറ്റെടുക്കുന്നതിലുള്ള മികവ് തുടങ്ങി അങ്ങനെ പോകും കാര്യങ്ങള്‍. ഇനി ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഒരു കാര്യം പറയാം. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോഡുകളിലൊന്ന് മറികടക്കാനൊരുങ്ങുകയാണ് ടീം സൗത്തി.
സച്ചിന്റെ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറികടക്കുമ്പോഴാണ് അതിനിടയ്ക്ക് ടിം സൗത്തിയുടെ എന്‍ട്രി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിനൊപ്പമെത്തിയിരിക്കുകയാണ് സൗത്തി.
സച്ചിന്‍ 200 ടെസ്റ്റുകളിലെ 329 ഇന്നിങ്‌സുകളില്‍ നിന്ന് സ്വന്തമാക്കിയ 69 സിക്‌സറുകളെന്ന നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ സൗത്തി. ഇതിനായി സൗത്തിക്ക് വേണ്ടിവന്നതോ വെറും 66 ടെസ്റ്റുകളും 96 ഇന്നിങ്‌സുകളും മാത്രം. ശ്രീലങ്കയ്‌ക്കെതിരേ ഗോളില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ധനഞ്ജയ ഡിസില്‍വയ്‌ക്കെതിരേ നേടിയ സിക്‌സോടെയാണ് സൗത്തി സച്ചിനൊപ്പമെത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ 19 പന്തില്‍നിന്ന് ഒരു സിക്‌സ് സഹിതം 14 റണ്‍സെടുത്ത സൗത്തി രണ്ടാം ഇന്നിങ്‌സില്‍ 62 പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്തെങ്കിലും വീണ്ടുമൊരു സിക്‌സ് കൂടി നേടാനായില്ല. ഈ പട്ടികയില്‍ ഇപ്പോള്‍ 17-ാം സ്ഥാനത്താണ് സൗത്തി.
176 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 107 സിക്‌സറുകള്‍ നേടിയ മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് ഈ പട്ടികയില്‍ മുന്നില്‍. 137 ഇന്നിങ്‌സുകളില്‍ നിന്ന് 100 സിക്‌സറുകള്‍ നേടിയ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്.
180 ഇന്നിങ്‌സുകളില്‍ നിന്ന് 91 സിക്‌സറുകള്‍ നേടിയ വീരേന്ദര്‍ സെവാഗാണ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത്.
Content Highlights: Fast bowler Tim Southee equals Sachin Tendulkar’s record of sixes in Test cricket