അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയും പാകിസ്താനും തമ്മില്‍ നടക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോഡുകള്‍ പലതും വഴിമാറുകയാണ്. ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയും സ്റ്റീവ് സ്മിത്തിന്റെ അതിവേഗ 7000 റണ്‍സുമെല്ലാം റെക്കോഡ് ബുക്കിലാണ് ഇടംപിടിച്ചിരിക്കുന്നത്.
രണ്ടാം വിക്കറ്റിലെ ഡേവിഡ് വാര്‍ണര്‍ - മാര്‍നസ് ലബുഷെയ്ന്‍ കൂട്ടുകെട്ടിന്റെ മാസ്മരിക പ്രകടനവും റെക്കോഡ് ബുക്കില്‍ ഇടംനേടി. രണ്ടാം വിക്കറ്റില്‍ 361 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പണിതുയര്‍ത്തിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡ് വാര്‍ണറും ലബുഷെയ്‌നും സ്വന്തമാക്കി. അഡ്ലെയ്ഡിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, സ്വന്തം നാട്ടില്‍ ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്, ഓസ്ട്രേലിയില്‍ ഏതു ടീമിന്റെയും ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, ഓസീസ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്, പാകിസ്താനെതിരേ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് എന്നീ റെക്കോര്‍ഡുകളും ഈ സഖ്യം സ്വന്തമാക്കി.
238 പന്തില്‍ നിന്ന് 22 ബൗണ്ടറികളടക്കം 162 റണ്‍സെടുത്ത ലബുഷെയ്നിനിനെ ഓസീസ് സ്‌കോര്‍ 369-ല്‍ നില്‍ക്കെ ഷഹീന്‍ അഫ്രിദി പുറത്താക്കുകയായിരുന്നു. എന്നാല്‍ തകര്‍ത്തടിച്ച് മുന്നേറിയ വാര്‍ണര്‍ 418 പന്തില്‍ നിന്ന് ഒരു സിക്‌സും 39 ബൗണ്ടറികളുമടക്കം 335 റണ്‍സോടെ പുറത്താകാതെ നിന്നു.
ടെസ്റ്റില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണറുടേത്. സിംബാബ്‌വെയ്‌ക്കെതിരെ 380 റണ്‍സെടുത്ത മാത്യു ഹെയ്ഡനാണ് ഒന്നാമത്. 2012 ജനുവരിയില്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്‌ക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറി (329*) നേടിയ ശേഷം ഒരു ഓസീസ് താരം ഈ നേട്ടം പിന്നിടുന്നത് ഇപ്പോഴാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 2016-ന് ശേഷമുള്ള ആദ്യ ട്രിപ്പിളും ഇതു തന്നെ. അഡ്‌ലെയ്ഡ് ഓവല്‍ സ്റ്റേഡിയത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും വാര്‍ണറുടെ പേരിലായി. ഡോണ്‍ ബ്രാഡ്മാന്റെ (299*) പേരിലായിരുന്നു റെക്കോഡ്. ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ഏഴാമത്തെ ഓസീസ് താരമാണ് വാര്‍ണര്‍.
Content Highlights: David Warner, Marnus Labuschagne smash several records