ജെനോവ (ഇറ്റലി): അദ്ഭുത ഗോളുകള്‍ നേടുന്നത് പതിവാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അതിമാനുഷികന്റെ മികവിനു മുന്നില്‍ ഞെട്ടി വീണ്ടും ഫുട്‌ബോള്‍ ലോകം. 2018 ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെതിരേ റയലിനായി ക്രിസ്റ്റ്യാനോ നേടിയ ഗോളിന്റെ ഓര്‍മകള്‍ മായുംമുമ്പാണ് ഇപ്പോള്‍ യുവെന്റസ് ജേഴ്‌സിയില്‍ താരത്തിന്റെ മറ്റൊരു അദ്ഭുത ഗോള്‍.
കഴിഞ്ഞ ദിവസം സാപ്‌ഡോറിയക്കെതിരായ മത്സരത്തിന്റെ 45-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ അദ്ഭുത ഗോളിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുവെ വിജയിച്ചതും ഈയൊരു ഗോളിലൂടെയായിരുന്നു.
19-ാം മിനിറ്റില്‍ പൗളോ ഡിബാലയിലൂടെ ലീഡെയുത്ത യുവെന്റസിനെതിരേ 35-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക കപ്രാരിയിലൂടെ സാപ്‌ഡോറിയ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആ അദ്ഭുതം പിറന്നത്. ഇടതുവിങ്ങില്‍ നിന്ന് അലക്‌സ് സാന്‍ഡ്രോ ഉയര്‍ത്തിനല്‍കിയ പന്തിനെ വായുവില്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. സെക്കന്‍ഡുകളോളം താരം വായുവില്‍ നിന്നാണ് താരം പന്ത് സ്വീകരിച്ചത്.
ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യാന്‍ നിന്ന രണ്ട് ഡിഫന്‍ഡര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെയായിരുന്നു താരത്തിന്റെ ഗോള്‍. ഹെഡറിനായി ഉയര്‍ന്നു ചാടുമ്പോള്‍ സാപ്‌ഡോറിയ താരത്തിന്റെ തലപ്പൊക്കത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ കാലുകള്‍. ഈ സമയം മൈതാനത്തു നിന്ന് 70 സെന്റീമീറ്ററിലേറെ ഉയരത്തിലായിരുന്നു താരം.
Content Highlights: Cristiano Ronaldo scores gravity defying header Goes Viral