ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടൊപ്പമുള്ള അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശേഷം വിവാഹ മോതിരത്തില്‍ ചുംബിച്ച വിരാട് കോലിയുടെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ കാഴ്ച്ച പുഞ്ചിരിയോടെ വി.ഐ.പി ലോഞ്ചിലിരുന്ന് അനുഷ്‌ക കാണുകയും ചെയ്തു. എന്നാല്‍ വിരാട് കോലിയോടൊപ്പമുള്ള അനുഷ്‌കയുടെ ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരുക്കിയ ചടങ്ങില്‍ നായകന്‍ കോലിക്കൊപ്പം അനുഷ്‌കയും പങ്കെടുത്തിരുന്നു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം താരങ്ങളെടുത്ത ഫോട്ടോയില്‍ കോലിക്കൊപ്പം അനുഷ്‌കയും ഉണ്ടായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നിരിക്കെയാണ് അനുഷ്‌ക ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഉള്‍പ്പെട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
അനുഷ്‌ക്ക എപ്പോഴാണ് ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കോലിയുടെ ഭാര്യയും ബോളിവുഡിലെ താരവുമായതിനാലാണ് നിയമം മറന്ന് അനുഷ്‌കയെ ടീമിനൊപ്പം ഫോട്ടോയെടുക്കാനായി ക്ഷണിച്ചതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
കോലിക്കൊപ്പം ടീമിന്റെ മുന്‍നിരയിലാണ് അനുഷ്‌ക ഫോട്ടോയില്‍ നില്‍ക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായ രഹാനെ മുന്‍ നിരയിലില്ലതാനും. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. എന്തിനാണ് ബിസിസിഐ ഒരാളുടെ ഭാര്യയെ പര്യടനത്തില്‍ കൂടെ കൂട്ടാന്‍ അനുവദിക്കുന്നതെന്നും ആളുകള്‍ ചോദിക്കുന്നു.
Content Highlights: Anushka Sharma playing for Team India? BCCI faces the heat on social media