ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച്, ഗോഡ്ഫാദറെന്ന് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ലാതെ വളര്‍ന്ന്, ലോക ക്രിക്കറ്റിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടം കോലിയുടെ പിറന്നാളിന് ഇരട്ടി മധുരം നല്‍കുന്നു.
നിരവധി പേരാണ് കോലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇതിഹാസ താരങ്ങളും സഹതാരങ്ങളും ചലച്ചിത്ര രംഗത്തുള്ളവരും ആരാധകരുമടക്കം എണ്ണാന്‍ സാധിക്കാത്തത്ര ആശംസകള്‍ കോലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെത്തി. ട്വിറ്ററും ഫെയ്‌സ്ബുക്കുമെല്ലാം കോലിക്കുള്ള ആശംസകളാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നത് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയുടെ പിറന്നാളാശംസകളാണ്.
കോലിയെ ഭൂമിയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞാണ് അനുഷ്‌കയുടെ ആശംസ. ഒപ്പം ഭര്‍ത്താവിനൊപ്പമുള്ള പ്രണയ നിമിഷങ്ങളുടെ ചിത്രവും അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്. ഒരു മിനുറ്റിനുള്ളില്‍ രണ്ടായിരത്തിലധികം ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്. ഹരിദ്വാറില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങള്‍.
Content Highlights: Anushka Sharma Birthday Celebration with Virat Kohli