റിയോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട്ടുകാരന്‍ തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. മാരിയപ്പന്‍ എന്ന പേരിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ ധനുഷ് രജനീകാന്താണ്. പുതുവത്സരത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
ഇന്ത്യയുടെ ജെഴ്‌സിയണിഞ്ഞ് കൈയില്‍ സ്വര്‍ണ മെഡലുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മാരിയപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. ധനുഷാണ് മാരിയപ്പനായെത്തുകയെന്നും സൂചനകളുണ്ട്. സീന്‍ റോള്‍ഡനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജു മുരുകനാണ്.
തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഇരുപത്തിയൊന്നുകാരനായ മാരിയപ്പന്‍ ഹൈജമ്പ് ടി-42 വിഭാഗത്തിലാണ് റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്. ജീവിതത്തില്‍ പ്രതിസന്ധികളെ തോല്‍പ്പിച്ചായിരുന്നു മാരിയപ്പന്റെ നേട്ടം.
പച്ചക്കറി വില്‍പനക്കാരിയായ അമ്മ സരോജം ഏറെ കഷ്ടപ്പെട്ടാണ് മാരിയപ്പനെയും മൂന്നുസഹോദരങ്ങളെയും വളര്‍ത്തിയത്. അഞ്ചു വയസ്സുള്ളപ്പോള്‍ വിധി ഒരു ബസ്സിന്റെ രൂപത്തില്‍ മാരിയപ്പനോട് ക്രൂരത കാട്ടുകയായിരുന്നു. നിയന്ത്രണം വിട്ടുവന്ന ബസ്സിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മാരിയപ്പന്റെ വലതുകാല്‍ തകരുകയായിരുന്നു.