റാഫേൽ നദാൽ | Photo: AP
കോവിഡ് മഹാമാരിയും ലോക്ഡൗണുമെല്ലാം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ പുതിയ ഇതിഹാസങ്ങള്‍ എഴുതുന്നതില്‍ നിന്ന് സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ തടയാന്‍ ഇത്തവണയും ആര്‍ക്കും സാധിച്ചില്ല. ഒക്ടോബര്‍ 11-ന് നടന്ന ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് നദാല്‍ കിരീടമുയര്‍ത്തിയപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു.
13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ കരിയറില്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം 20-ല്‍ എത്തിക്കാന്‍ റാഫയ്ക്കായി. ഇതോടൊപ്പം സ്വിസ് താരം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം വിജയങ്ങളെന്ന റെക്കോഡിന് ഒപ്പമെത്തുകയും ചെയ്തു. നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമായിരുന്നു ഇത്തവണത്തേത്.
റോളണ്ട് ഗാരോസില്‍ കളിച്ച 13 ഫൈനലുകളില്‍ താരത്തിന്റെ 13-ാം കിരീടം. ഇതോടൊപ്പം ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കി.
ഇതോടൊപ്പം കരിയറില്‍ 1000 സിംഗിള്‍സ് ജയങ്ങളെന്ന നാഴികക്കല്ലും റാഫ ഈ വര്‍ഷം പിന്നിട്ടു. നവംബര്‍ നാലിന് റോളക്സ് പാരിസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നാട്ടുകാരനായ ഫെലിസിയാനോ ലോപ്പസിനെ പരാജയപ്പെടുത്തിയതോടെയാണ് ഓപ്പണ്‍ കാലഘട്ടത്തില്‍ 1000 സിംഗിള്‍സ് ജയങ്ങള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടം നദാല്‍ സ്വന്തമാക്കിയത്.
ജിമ്മി കോണോഴ്സ് (1274), റോഡര്‍ ഫെഡറര്‍ (1242), ഇവാന്‍ ലെന്‍ഡല്‍ (1068) എന്നിവരടങ്ങുന്ന ക്ലബ്ബിലേക്കാണ് നദാലിന്റെ പ്രവേശനം. 1968-ല്‍ ഓപ്പണ്‍ കാലഘട്ടം ആരംഭിച്ച ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് നദാല്‍.
2002 മേയില്‍ 15-ാം വയസിലാണ് നദാല്‍ കരിയറിലെ തന്റെ ആദ്യ ജയം നേടുന്നത്. പരാഗ്വെ താരം റാമോണ്‍ ഡെല്‍ഗാഡോയ്ക്കെതിരെയായിരുന്നു നദാലിന്റെ ആദ്യ ജയം. പിന്നീട് 16-ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ആല്‍ബര്‍ട്ട് കോസ്റ്റയെ മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ച് നദാല്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചു.
24-ാം വയസില്‍ തന്നെ 500 വിജയങ്ങളെന്ന നേട്ടം നദാല്‍ സ്വന്തമാക്കിയിരുന്നു. കരിയറില്‍ 35 മാസ്റ്റേഴ്സ് കിരീടങ്ങളും 86 ടൂര്‍ണമെന്റ് വിജയങ്ങളും നദാലിന്റെ പേരിലുണ്ട്.
Content Highlights: Rafael Nadal dominance at the French Open