യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണ മ്യൂണിക്കിലേക്ക്


1 min read
Read later
Print
Share

പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീട നേട്ടമായിരുന്നു ഇത്

Photo By Matthew Childs| AP

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം അങ്ങനെ ആറാം തവണയും മ്യൂണിക്കിലേക്ക്. ഓഗസ്റ്റ് 24-ന് ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരീസ് സെയ്ന്റ് ഷാര്‍മാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.

59-ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീട നേട്ടമായിരുന്നു ഇത്.

2013-ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായ നാല് സെമി ഫൈനലുകളില്‍ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയേണ്‍ ഇത്തവണ തീര്‍ത്തു.

2019 ഡിസംബറിന് ശേഷം തോല്‍വി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേണ്‍ പൂര്‍ത്തിയാക്കിയത്. 98 ഗോളുകള്‍ അടിച്ചുകൂട്ടിയ ജര്‍മന്‍ ടീം വെറും 22 ഗോളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വഴങ്ങിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 11 കളിയില്‍ നിന്ന് 43 ഗോളാണ് ബയേണ്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ജര്‍മന്‍ ടീമിന്റെ കിരീടധാരണം.

ജയത്തോടെ ഇത്തവണ ബയേണ്‍ ട്രെബിള്‍ നേട്ടം സ്വന്തമാക്കി. 1987-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കാരനായിരിക്കെ പോര്‍ട്ടോയോട് ഒന്നിനെതിരേ രണ്ടു ഗോളിന് തോറ്റ മത്സരത്തില്‍ ബയേണ്‍ താരമായിരുന്ന ഹാന്‍സ് ഫ്‌ളിക്കിന് ഇത്തവണ പരിശീലകനെന്ന നിലയില്‍ കിരീടം സ്വന്തമാക്കാനായി.

Content Highlights: Bayern Munich wins 6th UEFA Champions League Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram