വെല്ലിങ്ടണ്‍: അണ്ടര്‍-19 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിന്റെ ശിഷ്യർ തുടക്കം ഗംഭീരമാക്കി.നൂറു റണ്‍സിനാണ് ഓസീസിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 329 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 42.5 ഓവറില്‍ 228 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നാഗര്‍കോട്ടിയും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
73 റണ്‍സെടുത്ത ഓപ്പണര്‍ എഡ്വാര്‍ഡ്‌സിനല്ലാതെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാനായില്ല. നാലു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. തുടക്കത്തിലെ കൂട്ടുകെട്ടിന് ശേഷം പിന്നീട് ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണിങ്ങില്‍ 57 റണ്‍സും മൂന്നാം വിക്കറ്റില്‍ 59 റണ്‍സും ഓസീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഓസീസ് തകരുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി ക്യാപ്റ്റന്‍ പൃഥ്വി ഷായും മന്‍ജോത് കൽറയും ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കി. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് അടിച്ചപ്പോള്‍ 99 പന്തിൽ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സംഭാവന.
പൃഥ്വി ഷായെ പുറത്താക്കി സതര്‍ലാന്‍ഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭം ഗില്ലും തന്റെ റോള്‍ ഭംഗിയാക്കി. 54 പന്തില്‍ 63 റണ്‍സെടുത്ത ശുഭത്തെ എഡ്വാര്‍ഡ്‌സ് പുറത്താക്കുകയായിരുന്നു.
അവസാന പത്ത് ഓവറിനിടയില്‍ ഇടയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ ബാധിച്ചു. പത്ത് ഓവറില്‍ 80ല്‍ കൂടുതല്‍ റണ്‍സെടുക്കാനുള്ള സാഹചര്യം ഇന്ത്യക്കുണ്ടായിരുന്നു. റാണ 14 റണ്‍സിനും റോയ് ആറു റണ്‍സിനും പുറത്തായി. അഭിഷേക് ശര്‍മ്മ 23 റണ്‍സ് നേടിയപ്പോള്‍ പത്ത് റണ്‍സായിരുന്നു ശിവ സിങ്ങ് സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തത്. ഓസീസിനായി എഡ്വാര്‍ഡ്‌സ് ഒമ്പത് ഓവറില്‍ 65 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.
Content Highlights: U-19 World Cup Cricket India vs Australia