തോല്‍വിയിലും തലയെടുപ്പോടെ മായാത്ത മങ്ങാത്ത ആ ഗോള്‍


2 min read
Read later
Print
Share

കൊളംബിയയ്‌ക്കെതിരേ ആക്രമണത്തിലും ആത്മവിശ്വാസത്തിലും ഒരുപോലെ മുന്നിട്ടുനിന്ന ഇന്ത്യന്‍ ടീമിന് തോല്‍വിയിലും തലയെടുപ്പോടെ നില്‍ക്കാന്‍ ജീക്‌സന്റെ ഗോളിലൂടെ സാധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്കാണ് ജീക്‌സണ്‍ സിങ്ങിന്റെ ഹെഡ്ഡര്‍ പറന്നിറങ്ങിയത്. മണിപ്പുരില്‍ ജനിച്ച് ചണ്ഡീഗഢില്‍ ഫുട്‌ബോള്‍ അഭ്യസിച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ പേര് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തങ്കലിപികളില്‍ എഴുതപ്പെട്ടു. അതെ, ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ഒരു ഹീറോ ഉദയംചെയ്തുകഴിഞ്ഞു. കൊളംബിയയ്‌ക്കെതിരേ ആക്രമണത്തിലും ആത്മവിശ്വാസത്തിലും ഒരുപോലെ മുന്നിട്ടുനിന്ന ഇന്ത്യന്‍ ടീമിന് തോല്‍വിയിലും തലയെടുപ്പോടെ നില്‍ക്കാന്‍ ജീക്‌സന്റെ ഗോളിലൂടെ സാധിച്ചു.

മണിപ്പുര്‍ പോലീസില്‍ ഉദ്യോഗസ്ഥനും ഫുട്‌ബോള്‍ പരിശീലകനുമായ അച്ഛന്‍ കൊന്തൗജം ഡെബന്‍സിങ്ങിന്റെ കീഴില്‍ ഏഴാം വയസ്സില്‍ പന്തുതട്ടിത്തുടങ്ങിയതാണ് ജീക്‌സണ്‍. പന്തുകളിയോടുള്ള ഇഷ്ടംകൂടി പതിനൊന്നാം വയസ്സില്‍ പഞ്ചാബിലെ ചണ്ഡീഗഢ് ഫുട്‌ബോള്‍ അക്കാദമിയില്‍ (സി.എഫ്.എ.) എത്തി. കൂട്ടിന് ബന്ധുവായ അമര്‍ജിത്ത് കിയാമുമുണ്ടായിരുന്നു. ആ അമര്‍ജിത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സി.എഫ്.എയിലേക്കുള്ള അവരുടെ വരവ് ഇരുവരെയും എത്തിച്ചത് ഇന്ത്യന്‍ ടീമിലാണ്.

ജീക്‌സണ്‍ ചണ്ഡീഗഢിലെത്തി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പക്ഷാഘാതംവന്ന് കിടപ്പിലായി.

തുടര്‍ന്ന് അമ്മ ഇംഫാലില്‍ പച്ചക്കറി വിറ്റാണ് കുടുംബംപുലര്‍ത്തുന്നത്. ഈ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നേറിയാണ് ജീക്‌സണ്‍ അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനംപിടിച്ചത്.

ഐ ലീഗ് ടീം മിനര്‍വ പഞ്ചാബിന്റെ താരമാണ്.

2015-ല്‍ ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥാനംനേടാന്‍ ജീക്‌സന് സാധിച്ചിരുന്നില്ല. മനസ്സ് പതറാതെ പോരാട്ടം തുടര്‍ന്ന മണിപ്പുരി താരത്തിന് അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനെതിരേ മിനര്‍വയ്ക്കുവേണ്ടി നടത്തിയ പ്രകടനമാണ് ഗുണംചെയ്തത്. ഇന്ത്യന്‍ ടീമിനെ മിനര്‍വ തോല്‍പ്പിച്ചപ്പോള്‍ (1-0) ജീക്‌സനും മറ്റു മൂന്നു താരങ്ങളും ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്ന് ജീക്‌സണ്‍ ഇന്ത്യന്‍ ടീമിലുമെത്തി.

ആറടി രണ്ടിഞ്ച് ഉയരമുള്ള ജീക്‌സണ്‍ ആണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും നീളമുള്ള ഔട്ട്ഫീല്‍ഡ് താരം. ഇരുകാലുകൊണ്ടും ഒരുപോലെ പന്തടിക്കാന്‍ ഇഷ്ടപ്പെടുന്ന ജീക്‌സന്റെ 'തലയാണ്' ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ കൊണ്ടുവന്നത്. അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ക്ലബ്ബ് തലത്തില്‍ സീനിയര്‍ ടീമിനുവേണ്ടി കളിച്ചിട്ടുള്ള ഏകതാരവും ജീക്‌സനാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram