ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നതിന്റെ പേരില്‍ ഏറെ ട്രോള്‍ ഏറ്റുവാങ്ങിയ താരമാണ് നടൻ പൃഥ്വിരാജ്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു ട്രോളിന് ഇരയായിരുക്കുന്നത് മറ്റൊരു താരമാണ്. സിനിമാതാരമല്ല, ഫുട്ബോൾ താരം. അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അന്‍വര്‍ അലിയാണ് ഇംഗ്ലീഷ് പറഞ്ഞ് പുലിവാൽ പിടിച്ചത്.
കൊളംബിയക്കെതിരായ മത്സരത്തില്‍ പരിക്ക് വകവെയ്ക്കാതെ കളിച്ചതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇംഗ്ലീഷില്‍ ഒരു ഒന്നൊന്നര കുറിപ്പ് തന്നെ അന്‍വര്‍ അലി ഇട്ടു. രാജ്യത്തെ കോടിക്കണക്കിന് ആരാധകര്‍ക്കായി പോരാടുമ്പോള്‍ പരിക്കൊന്നും ഒരു കളിക്കാരനെ ബാധിക്കില്ല എന്നായിരുന്നു അന്‍വര്‍ അലി പോസ്റ്റില്‍ പറയുന്നത്. ബ്ലീഡ് ബ്ലൂ എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു പോസ്റ്റ്.
ഇംഗ്ലീഷിലുള്ള അന്‍വറിന്റെ പരിജ്ഞാനം കണ്ട് സഹതാരം നോങ്ദാംബ നോറമാണ് ഞെട്ടിപ്പോയത്. അന്‍വറിന്റെ പോസ്റ്റിന് താഴെ 'ബ്രോ, ഇത്രയും ഇംഗ്ലീഷ് നീ എവിടെ നിന്നാണ് പഠിച്ചത്? എന്നായിരുന്നു നോറത്തിന്റെ കമന്റ്.
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഹെയര്‍ സ്‌റ്റൈലിനോട് സാമ്യമുള്ള മുടിയഴകിനോടൊപ്പം ഇന്ത്യയുടെ പ്രതിരോധത്തില്‍ മികച്ചു നിന്ന അന്‍വര്‍ അലിയെ ഭാവിയുടെ വാഗ്ദ്ധാനമായാണ് ഫുട്‌ബോള്‍ പ്രേമികള്‍ വിലിയിരുത്തുന്നത്.