'അടിക്കടാ മക്കളേ..... '- രാഹുല്‍ കളിക്കുമ്പോള്‍ പിരിമുറുക്കത്തില്‍ വീടും നാടും


1 min read
Read later
Print
Share

അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ത്തന്നെ തൃശ്ശൂര്‍ സ്വദേശി കെ.പി. രാഹുല്‍ കളിക്കാനിറങ്ങിയത് നാടിന് ആഘോഷമായി.

തൃശ്ശൂര്‍: 'ചക്കര വന്നേ...' രാഹുലിന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ വീടും നാടും ഇരമ്പി. ഒല്ലൂക്കര ശ്രേയസ് നഗറില്‍ പിച്ചവെച്ച കാലുകള്‍ ഇന്ത്യക്കുവേണ്ടി ചലിച്ചപ്പോള്‍ ആവേശം മുറുകിയതാളത്തിലായി. ഓരോ ഗോള്‍ അവസരങ്ങളിലും നാട് മുള്‍മുനയിലേറി. നഷ്ടങ്ങളില്‍ കഷ്ടം പങ്കിട്ടു. ടീം തോറ്റെങ്കിലും അടുത്ത കളിയെന്ന ശുഭാപ്തിവിശ്വാസത്തില്‍ ഇവര്‍ പിരിഞ്ഞു.

അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ത്തന്നെ തൃശ്ശൂര്‍ സ്വദേശി കെ.പി. രാഹുല്‍ കളിക്കാനിറങ്ങിയത് നാടിന് ആഘോഷമായി. ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കളിയുടെ തുടക്കം മുതല്‍ നാട് ആഘോഷിക്കുകതന്നെയായിരുന്നു.

കണ്ണോലി വീട്ടില്‍ രാഹുലിന്റെ അച്ഛന്‍ പ്രവീണ്‍, അമ്മ ബിന്ദു, മുത്തശ്ശി സുമതി, അനുജത്തി നന്ദന എന്നിവരാണ് കളി കാണാനിരുന്നത്. തൊട്ടടുത്ത ചെറിയച്ഛന്‍ പ്രദീപിന്റെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമായി അമ്പതുപേരോളം ഉണ്ടായിരുന്നു. രാഹുലിന്റെ ഓരോ ചലനങ്ങളിലും അവര്‍ അഭിമാനംകൊണ്ടു.

ഇന്ത്യക്കെതിരേ ഗോളുകള്‍ ഒന്നിനുപിറകെ ഒന്നായി വീണപ്പോള്‍ 'ഒരു ഗോളെങ്കിലും അടിക്കടാ മക്കളേ...' എന്നുപറഞ്ഞ് അമ്മയും കളിയുടെ ആവേശം ഉള്‍ക്കൊണ്ടു. കളി അവസാനിച്ചപ്പോഴും തോല്‍വിയുടെ സങ്കടത്തേക്കാള്‍ നാട്ടിലെ പയ്യന്‍ കളിച്ചുയര്‍ന്നതിന്റെ സന്തോഷമായിരുന്നു മുഖങ്ങളില്‍.

'രാഹുലും ടീമും നന്നായി കളിച്ചു. പിന്നെ, ഭാഗ്യദോഷം' -കളി കഴിഞ്ഞ് പ്രവീണ്‍ സ്വന്തം അഭിപ്രായം അറിയിച്ചു. കുറവുകള്‍ നികത്തി വരും മത്സരങ്ങളില്‍ കുതിച്ചുകയറുമെന്ന ആത്മവിശ്വാസവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram