സ്വപ്രയത്‌നം കൊണ്ട് ഫുട്‌ബോളില്‍ പകരംവെക്കാനില്ലാത്ത താരമായി വളര്‍ന്ന ഐ.എം വിജയനെ മാതൃകയാക്കി തൃശൂരില്‍ നിന്ന് ഒരു ഫുട്‌ബോള്‍ താരം കൂടി ഇന്ത്യയുടെ പ്രതീക്ഷയാവുകയാണ്. അക്കാദമികളിലോ എണ്ണംപറഞ്ഞ പരിശീലകരുടെ കീഴിലോ കളിപാഠങ്ങള്‍ പഠിക്കാതെയാണ് അണ്ടര്‍-17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം വരെ തൃശൂരുകാരന്‍ രാഹുല്‍ എത്തിയത്. ജീവിതത്തില്‍ അവന് കൂട്ടുണ്ടായിരുന്നത് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡ വിറ്റ ഒരു കുട്ടി ഇന്ത്യന്‍ ഫുട്‌ബോളിന്റെ അമരത്തെത്തിയ കഥയും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സുമായിരുന്നു.
ഐ.എം വിജയന്റെ നാട്ടില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമേയുള്ളു രാഹുലിന്റെ വീട്ടിലേക്ക്. ഇന്ത്യന്‍ ഫുട്‌ബോളില്‍ വിജയന്‍ ഓരോ നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ രാഹുല്‍ ജനിച്ചിട്ടുകൂടിയുണ്ടായിരുന്നില്ല. പക്ഷേ കറുത്ത മുത്തിന്റെ കഥകള്‍ അവന് എന്നും പ്രചോദനമായി കൂടെയുണ്ടായിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം പറമ്പില്‍ ഗോള്‍പോസ്റ്റുണ്ടാക്കി സെവന്‍സും ഫൈവ്‌സും കളിച്ചാണ് രാഹുലും വളര്‍ന്നത്. രാഹുല്‍ പഠിച്ചിരുന്ന മുക്കാട്ടുകര ബെത്‌ലേഹം സ്‌കൂളില്‍ സ്വന്തമായൊരു ഫുട്‌ബോള്‍ ടീം പോലുമില്ലായിരുന്നു. പക്ഷേ ഫുട്‌ബോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന രാഹുല്‍ സ്‌കൂള്‍ അടയ്ക്കുന്ന വേനലവധികളില്‍ പരിശീലന ക്യാമ്പുകള്‍ കണ്ടെത്തി അവിടെ പോയി കളിക്കും. ഒരിക്കല്‍പോലും ഫുട്‌ബോളിലുള്ള മകന്റെ കഴിവ് കണ്ടെത്തി അവന് പരിശീലനം നല്‍കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അച്ഛന്‍ പ്രവീണ്‍ പറയുന്നു. അമ്മ ബിന്ദുവാകട്ടെ, മകന്‍ കളിക്കുന്നത് ഒരിക്കല്‍പോലും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രാഹുലിന്റെ നേട്ടത്തില്‍ ഒരവാകശവും പറയാന്‍ തങ്ങള്‍ക്കാവില്ലെന്നും ബിന്ദു പറയുന്നു. പക്ഷേ മകന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ ഈ അച്ഛനും അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളു.
തൃശൂരുകാരന്‍ എന്നതു മാത്രമല്ല ഐ.എം വിജയനുമായി രാഹുലിനുള്ള സാമ്യം. ഇരുവരുടെയും കളിക്കും സാമ്യമുണ്ടെന്നാണ് രാഹുലിന്റെ ആദ്യ പരിശീലകനും മുന്‍ സന്തോഷ് ട്രോഫി പരിശീലകനുമായ എം.പീതാംബരന്‍ പറയുന്നത്. ബോക്‌സിനുള്ളിലേക്ക് പന്തുമായി കടക്കാനുള്ള കുറുക്കുവഴിയുടെ ആശാനാണ് രാഹുലെന്നും വിജയന്‍ അത്തരത്തിലൊരു താരമായിരുന്നുവെന്നും പീതാംബരന്‍ പറയുന്നു. ആറു വര്‍ഷം മുമ്പ് തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കോച്ചിങ് ക്യാമ്പില്‍ നിന്നാണ് പീതാംബരന്‍ രാഹുലിനെ കണ്ടെത്തിയത്. അങ്ങിനെ പങ്കെടുത്ത ആദ്യ ഫുട്‌ബോള്‍ ക്യാമ്പിലൂടെ തന്നെ രാഹുല്‍ കൃത്യമായ കരങ്ങളിലെത്തിച്ചേര്‍ന്നു.
2011ല്‍ തൃശൂര്‍ അണ്ടര്‍-14 ടീമിലെത്തിയ രാഹുല്‍ സംസ്ഥാന ടീമിലുമെത്തി. 2013ലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ടോപ്പ് സ്‌കോററുമായി. പിന്നാലെ ഇന്ത്യയുടെ അണ്ടര്‍-17 ടീമിലേക്കുള്ള വിളിയും രാഹുലിനെ തേടിയെത്തി.
രാഹുലിന്റെ അച്ഛന്‍ പ്രവീണിന് ഫുട്‌ബോളുമായി ബന്ധമില്ലെങ്കിലും കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന ബന്ധുക്കള്‍ യുവതാരത്തിന്റെ വീട്ടിലുണ്ട്. മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ പി.വി സന്തോഷ്, പി.വി സതീഷ്, പി.വി സലേഷ് എന്നിവര്‍ രാഹുലിന്റെ ബന്ധുക്കളാണ്.