നാല് ലോകകപ്പുകള്‍ നേരിട്ടു കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഓരോ തവണ ലോകകപ്പിന്റെ ഗാലറിയിലിരിക്കുമ്പോഴും സ്വന്തം രാജ്യത്തിനല്ലാതെ മറ്റൊരു ടീമിനായി ആവേശത്തോടെ അലറുകയും പതാക പാറിക്കുകയും ചെയ്യേണ്ടി വന്നപ്പോള്‍ മനസ്സില്‍ എവിടെയോ തോന്നിയ ഒരു സങ്കടമുണ്ടായിരുന്നു. ആ സങ്കടം മായ്ച്ചുകളയാന്‍ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് കിട്ടുന്ന അവസരമാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ്. ഇന്ത്യ ചരിത്രത്തിലാദ്യമായി കളിക്കുന്ന ലോകകപ്പ്... കുട്ടികളുടെ ടീമാണിതെന്ന് ചിലര്‍ നിസ്സാരവത്കരിക്കുന്നുണ്ടെങ്കിലും ചരിത്രം തിരുത്തുന്ന ഈ ജൂനിയര്‍ ടീം നമ്മുടെ അഭിമാനമാണ്. ഇവര്‍ നാളെയുടെ ടീം ഇന്ത്യയാണ്.
ഫിഫ ലോകകപ്പില്‍ ആദ്യമായി പന്തു തട്ടുന്ന ഇന്ത്യന്‍ ടീം. ഈ മേല്‍വിലാസം തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും. ലോക ഫുട്ബോളിലെ രാജകീയ വേദിയില്‍ കളിക്കാനാകുന്നതിന്റെ ആവേശം നമ്മുടെ കുട്ടികളില്‍ പ്രകടമാണ്. പക്ഷേ അതുപോലെ തന്നെയാണ് വലിയ മത്സരങ്ങളിലെ സമ്മര്‍ദവും. അമേരിക്കയും ഘാനയും കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കളിക്കുമ്പോള്‍ വലിയ ടീമുകളോട് എതിരിടുന്നതിന്റെ ഭയവും ആശങ്കയും നമ്മുടെ കുട്ടികളെ എങ്ങനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ആദ്യം നിക്കോളായ് ആദമും ഇപ്പോള്‍ ലൂയി നോര്‍ട്ടണ്‍ മാത്തോസും പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം അഞ്ചു രാജ്യങ്ങളിലെ പര്യടനത്തിനു ശേഷമാണ് ലോകകപ്പിനായി സ്വന്തം മണ്ണിലിറങ്ങുന്നത്. വിദേശ പര്യടനത്തില്‍ മികച്ച എതിരാളികള്‍ക്കെതിരെ 14 മത്സരങ്ങളില്‍ നാലു ജയം, ആറു സമനില, നാലു തോല്‍വി എന്നിങ്ങനെയാണ് ഇന്ത്യയുടെ പ്രകടനം.
14 കളികളില്‍ പത്തിലും തോറ്റില്ല എന്ന കണക്ക് നോക്കുമ്പോള്‍ നമുക്ക് ആത്മവിശ്വാസം കൂടേണ്ടതാണ്. എന്നാല്‍ പതിനാലില്‍ പത്തിലും ജയിക്കാനായില്ല എന്ന മറ്റൊരു കണക്ക് നോക്കിയാല്‍ പ്രശ്നമാണ്. ഇതു തന്നെയാകും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ആറു സമനിലകളില്‍ പകുതിയെങ്കിലും ജയിക്കാനായിരുന്നെങ്കില്‍ ചിത്രം മാറിയേനേ. സമനിലയ്ക്കും വിജയത്തിനും ഇടയിലുള്ള ഈ പാലമാണ് ഇന്ത്യ ലോകകപ്പില്‍ വിജയകരമായി താണ്ടേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇറ്റലിയെ പോലുള്ള ലോകത്തെ മികച്ച ടീമുകളെ പരാജയപ്പെടുത്തി ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പ്രതിഭകളായ ഒരുപിടി താരങ്ങളുണ്ടെന്നതില്‍ സംശയമില്ല. അവരെ ഒരു ടീമായി കോര്‍ത്തിണക്കി കളത്തിലിറക്കുന്നതാണ് പ്രധാനം. ഈ ടീം ലോകകപ്പ് നേടുമെന്നൊന്നും ആരും കരുതുന്നില്ല. പക്ഷേ കഴിവിന്റെ പരമാവധി പുറത്തെടുത്താല്‍ ആദ്യ റൗണ്ട് കടക്കാനുള്ള മരുന്നൊക്കെ ഈ പിള്ളേരുടെ കൈയിലുണ്ട്. അതുകൊണ്ടുതന്നെ ആവേശത്തോടെയാണ് ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നത്.