Photo:twitter.com|EURO2020
അസര്‍ബൈജാന്‍: യൂറോ കപ്പിലെ കറുത്ത കുതിരകളായ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി വെയ്ല്‍സ്. ആരോണ്‍ റാംസിയും കോണര്‍ റോബേര്‍ട്‌സുമാണ് ടീമിനായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ വെയ്ല്‍സ് നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. മറുവശത്ത് തുര്‍ക്കിയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.
യോഗ്യതാമത്സരങ്ങളില്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച് യോഗ്യത നേടിയെത്തിയ തുര്‍ക്കിയ്ക്ക് പക്ഷേ വെയ്ല്‍സിനെതിരേ ആ മികവ് പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും വെയ്ല്‍സ് പ്രതിരോധം പൊളിക്കാന്‍ തുര്‍ക്കിയ്ക്ക് കഴിഞ്ഞില്ല. രണ്ട് ഗോളുകള്‍ക്കും അവസരമൊരുക്കിയ വെയ്ല്‍സ് നായകന്‍ ഗരെത് ബെയ്ല്‍ മികച്ച പ്രകടനം പുറത്തെടുത്തു.
നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം ഏറ്റുമുട്ടിയ വെയ്ല്‍സും തുര്‍ക്കിയും ആദ്യ മിനിട്ടുതൊട്ട് മികച്ച കളി പുറത്തെടുത്തു. ആറാം മിനിട്ടില്‍ നായകന്‍ ഗരെത് ബെയ്‌ലിന്റെ മികച്ച പാസില്‍ നിന്നും പന്ത് സ്വീകരിച്ച ആരോണ്‍ റംസിയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
തൊട്ടുപിന്നാലെ തുര്‍ക്കി നായകന്‍ യില്‍മാസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റില്‍ തൊട്ടുരുമ്മി കടന്നുപോയി. 23-ാം മിനിട്ടില്‍ റാംസിയ്ക്ക് വീണ്ടും ഓപ്പണ്‍ ചാന്‍സ് ലഭിച്ചു. ഇത്തവണയും ബെയ്‌ലാണ് പന്ത് നല്‍കിയത്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ പന്ത് ലഭിച്ച റാംസി പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറത്തി.
30-ാം മിനിട്ടില്‍ തുര്‍ക്കി മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ തുടരെത്തുടരെ രണ്ട് ഗോള്‍ലൈന്‍ സേവുകള്‍ നടത്തി വെയ്ല്‍സ് പ്രതിരോധ താരം മോറെല്‍ തുര്‍ക്കിയുടെ ശ്രമങ്ങള്‍ വിഫലമാക്കി.
ഒടുവില്‍ 42-ാം മിനിട്ടില്‍ ആരോണ്‍ റാംസി നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തു. ഇത്തവണയും ഗരെത് ബെയ്‌ലാണ് റാംസിയ്ക്ക് ഗോളവസരം സമ്മാനിച്ചത്. ബോക്‌സിനകത്തേക്ക് ബെയ്ല്‍ ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ച റാംസി അനായാസം പന്ത് വലയിലെത്തിച്ചു. ഗോള്‍ വീണതിനുപിന്നാലെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ തുര്‍ക്കി സമനില ഗോള്‍ നേടുന്നതിനായി ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. 54-ാം മിനിട്ടില്‍ വെയ്ല്‍സ് ബോക്‌സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ തുര്‍ക്കി നായകന്‍ യില്‍മാസിന് മികച്ച അവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
59-ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ വെച്ച് ഗരെത് ബെയ്‌ലിനെ തുര്‍ക്കി പ്രതിരോധതാരം സെലിക് വീഴ്ത്തിയതിന്റെ ഭാഗമായി വെയ്ല്‍സിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ പെനാല്‍ട്ടി കിക്കെടുത്ത ബെയ്‌ലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. മികച്ച പ്രകടനമാണ് രണ്ടാം പകുതിയില്‍ തുര്‍ക്കി കാഴ്ചവെച്ചത്. പക്ഷേ വെയ്ല്‍സ് പ്രതിരോധം ഭേദിക്കാന്‍ തുര്‍ക്കിയ്ക്ക് സാധിച്ചില്ല.
ഒടുവില്‍ മത്സരം അവസാനിക്കുന്നതിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണര്‍ റോബേര്‍ട്‌സിലൂടെ വെയ്ല്‍സ് രണ്ടാം ഗോള്‍ നേടി. ഈ ഗോള്‍ പിറന്നതും ഗരെത് ബെയ്‌ലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു.
ഈ തോല്‍വിയോടെ ഗ്രൂപ്പില്‍ രണ്ട് തോല്‍വികള്‍ വഴങ്ങിയ തുര്‍ക്കിയുടെ നോക്കൗട്ട് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Wales vs Turkey Euro cup 2020, Group A