Photo: twitter.com|EURO2020
ആംസ്റ്റര്‍ഡാം: 2020 യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കി ഡെന്മാര്‍ക്ക്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ വെയ്ല്‍സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഡെന്മാര്‍ക്ക് അവസാന എട്ടില്‍ എത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഡെന്മാര്‍ക്ക് കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിനെ മടക്കിയയച്ചത്.
ഡെന്മാര്‍ക്കിനായി യുവതാരം കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ യോക്കിം മേല്‍, മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് എന്നിവരും സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് ഗരെത് ബെയ്‌ലും സംഘവും മടങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റുതുടങ്ങിയ ഡെന്മാര്‍ക്ക് അത്ഭുതകരമായ പ്രകടനമാണ് പ്രീക്വാര്‍ട്ടറില്‍ കാഴ്ചവെച്ചത്.
ഡെന്മാര്‍ക്ക് രണ്ടും വെയ്ല്‍സ് മൂന്നും മാറ്റങ്ങളുമായാണ് ഇന്ന് കളിക്കാനിറങ്ങിയത്.തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 12-ാം മിനിട്ടില്‍ വെയ്ല്‍സ് നായകന്‍ ഗരെത് ബെയ്‌ലിന്റെ മികച്ച ഒരു ലോങ്‌റേഞ്ചര്‍ ഡെന്മാര്‍ക്ക് പോസ്റ്റിനെ തൊട്ടുരുമ്മിക്കൊണ്ട് കടന്നുപോയി. 17-ാം മിനിട്ടില്‍ വെയ്ല്‍സിന്റെ ഡാനിയല്‍ ജെയിംസിന്റെ ലോങ്‌റേഞ്ചര്‍ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ കൈയ്യിലൊതുക്കി.
ആക്രമണങ്ങള്‍ക്ക് വെയ്ല്‍സാണ് മുന്നിട്ടുനിന്നതെങ്കിലും ബെയ്‌ലിനെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ട് ഡെന്മാര്‍ക്ക് മത്സരത്തില്‍ ലീഡെടുത്തു. 27-ാം മിനിട്ടില്‍ യുവതാരം കാസ്‌പെര്‍ ഡോള്‍ബെര്‍ഗാണ് ടീമിനായി ഗോള്‍ നേടിയത്. ഡാംസ്ഗാര്‍ഡില്‍ നിന്നും പന്ത് സ്വീകരിച്ച ഡോള്‍ബെര്‍ഗ് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. ബോക്‌സിന് പുറത്തുനിന്നും താരമെടുത്ത കിക്ക് മഴവില്ലുപോലെ വളഞ്ഞ് ഗോള്‍കീപ്പര്‍ വാര്‍ഡിനെ മറികടന്ന് വലയിലെത്തി. 1992 ന് ശേഷം യൂറോ കപ്പ് നോക്കൗട്ട് റൗണ്ടില്‍ ഡെന്മാര്‍ക്ക് നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ നേടിയതോടെ ഡെന്മാര്‍ക്ക് ആക്രമണത്തിന് ശക്തി കൂട്ടി. 32-ാം മിനിട്ടില്‍ ഡോള്‍ബെര്‍ഗിന് വെല്‍സ് ബോക്‌സിനകത്തുവെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഇത്തവണ താരത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ട് രക്ഷപ്പെടുത്തി വാര്‍ഡ് വെയ്ല്‍സിന്റെ രക്ഷകനായി.
40-ാം മിനിട്ടില്‍ വെയ്ല്‍സിന്റെ വിശ്വസ്തനായ പ്രതിരോധതാരം കോണര്‍ റോബര്‍ട്‌സ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ മിനിട്ടുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത വെയ്ല്‍സ് ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലായി. 45-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്റെ മേലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വെയ്ല്‍സിന്റെ നെഞ്ചില്‍ തീകോരിയിട്ട് കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് വീണ്ടും ഗോള്‍ നേടി. ഇത്തവണ വെയ്ല്‍സ് പ്രതിരോധതാരം നെക്കോ വില്യംസിന്റെ പിഴവില്‍ നിന്നും പന്ത് പിടിച്ചെടുത്ത ഡോള്‍ബെര്‍ഗ് 48-ാം മിനിട്ടിലാണ് ഗോള്‍ നേടിയത്.
പന്തുമായി ബോക്‌സിലേക്ക് കുതിച്ച ഡെന്മാര്‍ക്കിന്റെ ബ്രാത്ത്വെയ്റ്റ് മികച്ച ഒരു ക്രോസ് നല്‍കി. എന്നാല്‍ ക്രോസ് നെരെയെത്തിയത് നെക്കോ വില്യംസിന്റെ കാലിലാണ്. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ താരം പിഴവുവരുത്തി. വില്യംസിന്റെ ക്ലിയറന്‍സ് നെരെയെത്തിയത് ഡോള്‍ബെര്‍ഗിന്റെ കാലുകളിലാണ്. അവസരം മുതലാക്കിയ താരം ഗോള്‍കീപ്പര്‍ വാര്‍ഡിന് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ച് രണ്ടാം ഗോള്‍നേട്ടം ആഘോഷിച്ചു.
ഗോള്‍ വഴങ്ങിയതിനുപിന്നാലെ വെയ്ല്‍സ് ആക്രമിച്ചുകളിച്ചു. 53-ാം മിനിട്ടില്‍ ബെയ്‌ലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 63-ാം മിനിട്ടില്‍ വെയ്ല്‍സിന്റെ ജോ അലന്റെ ലോങ്‌റേഞ്ചര്‍ ഡെന്മാര്‍ക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വെയ്ല്‍സ് മുന്നേറ്റനിരയില്‍ ആരോണ്‍ റാംസിയും ഡാനിയേല്‍ ജെയിംസുമെല്ലാം ഫോമിലേക്കുയരാതെപോയി. മികച്ച പ്രകടനം കാഴ്ചവെച്ച ഡെന്മാര്‍ക്ക് പ്രതിരോധനിരയും വെയ്ല്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു.
80-ാം മിനിട്ടില്‍ വെയ്ല്‍സ് ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നും ഡെന്മാര്‍ക്കിന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.82-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്റെ മേല്‍ മികച്ച അവസരം പാഴാക്കി.
86-ാം മിനിട്ടില്‍ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് വെയ്ല്‍സ് പോസ്റ്റിലിടിച്ച് മടങ്ങി. പന്ത് സ്വീകരിച്ച ആന്‍ഡേഴ്‌സന് പന്ത് വലയിലെത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 88-ാം മിനിട്ടില്‍ ഡെന്മാര്‍ക്ക് മത്സരത്തിലെ മൂന്നാം ഗോള്‍ നേടി.
ഇത്തവണ യോക്കിം മേലാണ് ഡാനിഷ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിനകത്തുവെച്ച് യെന്‍സണില്‍ നിന്നും പന്ത് സ്വീകരിച്ച മേല്‍ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോള്‍കീപ്പര്‍ വാര്‍ഡിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ ഡെന്മാര്‍ക്ക് വിജയമുറപ്പിച്ചു.
89-ാം മിനിട്ടില്‍ വെയ്ല്‍സിന്റെ ഹാരി വില്‍സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 90-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിനായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് നാലാം ഗോള്‍ നേടി. കോര്‍ണലിയസിന്റെ പന്ത് സ്വീകരിച്ച താരം ലക്ഷ്യം കണ്ടെങ്കിലും ആദ്യം റഫറി ഓഫ്‌സൈഡ് വിളിച്ചു.എന്നാല്‍ വാറിന്റെ സഹായത്തോടെ പിന്നീട് ഗോള്‍ അനുവദിച്ചതോടെ ഡെന്മാര്‍ക്ക് 4-0 എന്ന സ്‌കോറിന് മുന്നിലെത്തി. പിന്നാലെ മത്സരം അവസാനിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: wales vs Denmark 2021 Euro Pre quarter