Photo: twitter.com|EURO2020
സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്:യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ റഷ്യയ്‌ക്കെതിരേ ബെല്‍ജിയത്തിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ ടീം വിജയിച്ചു കയറിയത്. യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ആധികാരിക വിജയം നേടാന്‍ ലുക്കാക്കുവിനും സംഘത്തിനും സാധിച്ചു.
ബെല്‍ജിയത്തിനായി സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയര്‍ മറ്റൊരു ഗോള്‍ സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ബെല്‍ജിയം റഷ്യയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. 10-ാം മിനിട്ടില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിലൂടെ ബെല്‍ജിയം ലീഡെടുത്തു. ബോക്‌സിനകത്ത് ലഭിച്ച പാസ് മനോഹരമായി കാലില്‍ കുരുക്കിയ ലുക്കാക്കു റഷ്യന്‍ ഗോള്‍കീപ്പര്‍ ഷുനിന് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു. റഷ്യന്‍ പ്രതിരോധ താരം സെമെനോവിന്റെ പിഴവില്‍ നിന്നാണ് ലുക്കാക്കു പന്ത് പിടിച്ചെടുത്തത്. അതിനുപിന്നാലെ കളിക്കളത്തില്‍ പരിക്കേറ്റ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണെ സ്മരിച്ച് ലുക്കാക്കു ക്യാമറയെ നോക്കി ക്രിസ് ഐ ലവ് യു എന്ന് പറഞ്ഞ് ഗോള്‍ നേട്ടം ആഘോഷിച്ചു. ഇന്റര്‍ മിലാനില്‍ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്‌സണ്‍.
ഗോള്‍ വഴങ്ങിയതിനുപിന്നാലെ റഷ്യ ഉണര്‍ന്നു കളിച്ചതോടെ കളി ആവേശത്തിലായി. 16-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ഡെന്‍ഡോന്‍കറിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. രഷ്യന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീതി പരത്തി ലുക്കാക്കു മികച്ച പ്രകടനം പുറത്തെടുത്തു. 22-ാം മിനിട്ടില്‍ ലുക്കാക്കുവിന്റെ പാസ്സില്‍ നിന്നും മികച്ച ഒരു ഗോളവസരം തോര്‍ഗാന്‍ ഹസാര്‍ഡിന് ലഭിച്ചെങ്കിലും റഷ്യന്‍ ഗോള്‍കീപ്പര്‍ ഷുനിന്‍ അത് തട്ടിയകറ്റി.
26-ാം മിനിട്ടില്‍ ഹെഡ് ചെയ്യുന്നതിനിടേ കൂട്ടിയിടിച്ച റഷ്യയുടെ ഡാലര്‍ കുസ്യായേവും ബെല്‍ജിയത്തിന്റെ തിമോത്തി കാസ്റ്റാഗ്നെയും പരിക്കേറ്റ് പുറത്തായതോടെ ഇവര്‍ക്ക് പകരം പകരക്കാര്‍ ഇറങ്ങി. ബെല്‍ജിയത്തിനായി തോമസ് മ്യുനിയറും റഷ്യയ്ക്കായി ഡെനിസ് ചെറിഷേവും കളത്തിലിറങ്ങി. പകരക്കാരനായി ഇറങ്ങിയ ഉടന്‍ തന്നെ 34-ാം മിനിട്ടില്‍ ഗോളടിച്ച് മ്യുനിയര്‍ വരവ് ഗംഭീരമാക്കി. യൂറോകപ്പിലെ ഒരു മത്സരത്തില്‍ ആദ്യ പകുതിയില്‍ പകരക്കാരനായി വന്ന് ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഈ ഗോളിലൂടെ മ്യുനിയര്‍ സ്വന്തമാക്കി.
പോസ്റ്റിലേക്കുയര്‍ന്നുവന്ന ഷോട്ട് റഷ്യന്‍ ഗോള്‍കീപ്പര്‍ ഷുനിന്‍ തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെ ചെന്നത് മ്യൂനിയറുടെ അടുത്തേക്കാണ്. അത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ മ്യൂനിയര്‍ക്കുണ്ടായിരുന്നുള്ളൂ. ഇതോടെ ബെല്‍ജിയം 2-0 എന്ന സ്‌കോറിന് മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈ ലീഡ് ബെല്‍ജിയം നിലനിര്‍ത്തി.
രണ്ടാം പകുതിയില്‍ ഫോര്‍മേഷനില്‍ മാറ്റങ്ങള്‍ വരുത്തി ആക്രമിച്ച് കളിക്കാനാണ് റഷ്യ ശ്രമിച്ചത്. എന്നാല്‍ ടീമിന്റെ ശ്രമങ്ങള്‍ പാറപോലെ ഉറച്ചുനിന്ന ബെല്‍ജിയം പ്രതിരോധം ശിഥിലമാക്കി. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ബെല്‍ജിയം പുറത്തെടുത്തത്.
രണ്ടാം പകുതിയില്‍ ഡ്രൈസ് മെര്‍ടെന്‍സിനെ പിന്‍വലിച്ച് സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിനെ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ഇറക്കി. ഹസാര്‍ഡും ലുക്കാക്കുവുമെല്ലാം അണിനിരന്നിട്ടും പ്രതിരോധത്തില്‍ മാത്രമാണ് ബെല്‍ജിയം ശ്രദ്ധിച്ചത്. രണ്ടാം പകുതിയില്‍ റഷ്യ നന്നായി കളിച്ചെങ്കിലും ബെല്‍ജിയം പ്രതിരോധത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ഒടുവില്‍ 88-ാം മിനിട്ടില്‍ മികച്ച ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ലുക്കാക്കു ബെല്‍ജിയത്തിന്റെ ഗോള്‍നേട്ടം പൂര്‍ത്തിയാക്കി. മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയ താരം കഴിഞ്ഞ 15 മത്സരങ്ങള്‍ക്കിടെ ബെല്‍ജിയത്തിനായി നേടുന്ന 19-ാം ഗോളാണിത്. പിന്നാലെ മത്സരം ബെല്‍ജിയം സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയം വിവരണം വായിക്കാം...
Content Highlights: UEFA Euro cup football 2020, Belgium vs Russia live blog