Photo: twitter.com|EURO2020
റോം: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റലി തകര്‍ത്തത്.
ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 53-ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. 79-ാം മിനിറ്റില്‍ തുര്‍ക്കി ഗോള്‍കീപ്പര്‍ കാകിറിന്റെ പിഴവില്‍ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോള്‍.
53-ാം മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബെറാര്‍ഡിയുടെ ക്രോസ് തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. 66-ാം മിനിറ്റില്‍ ഇറ്റലി മുന്നേറ്റത്തിനൊടുവില്‍ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് വന്നത് ഇമ്മൊബിലെയ്ക്ക് മുന്നില്‍. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.
79-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ ദുര്‍ബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളില്‍ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളുമായി ഇറ്റലി കളംനിറഞ്ഞു. പന്തിന്‍മേലുളള ആധിപത്യവും അവര്‍ക്കായിരുന്നു. മുന്നേറ്റത്തില്‍ ലോറന്‍സോ ഇന്‍സിനെ, സിറോ ഇമ്മൊബിലെ, ഡൊമെനിക്കോ ബെറാര്‍ഡി സഖ്യം തുര്‍ക്കി പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിച്ചുകൊണ്ടിരുന്നു.
18-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷേ ലോറന്‍സോ ഇന്‍സിനെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിര്‍ തുര്‍ക്കിയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറില്‍ നിന്ന് ജോര്‍ജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡര്‍ അദ്ദേഹം രക്ഷപ്പെടുത്തി.
35-ാം മിനിറ്റില്‍ തുര്‍ക്കിക്കും അവസരം ലഭിച്ചു. ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞു. ഇതിനിടെ 21-ാം മിനിറ്റിലും ആദ്യ പകുതിക്ക് തൊട്ടുമുമ്പും തുര്‍ക്കി താരങ്ങള്‍ക്കെതിരായ ഹാന്‍ഡ് ബോള്‍ അപ്പീലുകള്‍ റഫറി നിഷേധിച്ചു.
ഇറ്റലി പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാന്‍ തുര്‍ക്കിക്ക് സാധിച്ചില്ല. മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. മധ്യനിര പരാജയപ്പെട്ടതോടെ ബുറാക് യില്‍മസിന് പന്ത് ലഭിക്കാതെയും വന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: UEFA EURO 2020 Turkey vs Italy Live Updates