Photo: twitter.com|EURO2020
മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി. ആറു ഗോളുകള്‍ പിറന്ന മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്റെ ജയം.
ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെതിരേ വില്ലനായ സെല്‍ഫ് ഗോള്‍ ഇന്നത്തെ മത്സരത്തില്‍ ജര്‍മനിയെ തുണച്ചു. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളാണ് ജര്‍മനിയുടെ അക്കൗണ്ടിലെത്തിയത്. കായ് ഹാവെര്‍ട്‌സും റോബിന്‍ ഗോസെന്‍സും ജര്‍മനിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ റൂബന്‍ ഡയസ്, റാഫേല്‍ ഗുറെയ്‌റോ എന്നിവരുടെ സെല്‍ഫ് ഗോളുകളും ജര്‍മനിയുടെ അക്കൗണ്ടിലെത്തി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഞെട്ടിച്ച് പോര്‍ച്ചുഗലാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
ജര്‍മനിയുടെ കോര്‍ണറിന് ശേഷം പോര്‍ച്ചുഗല്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളിന് വഴിവെച്ചത്. പന്തുമായി മുന്നേറിയ ബെര്‍ണാര്‍ഡോ സില്‍വ അത് ഡിയോഗോ ജോട്ടയ്ക്ക് നീട്ടി നല്‍കി. പന്ത് നിയന്ത്രിച്ച ജോട്ട നൂയര്‍ തന്നെ തടയും മുമ്പ് നല്‍കിയ പാസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനായാസം വലയിലെത്തിക്കുകയായിരുന്നു.
പക്ഷേ ഗോള്‍ വീണതോടെ ജര്‍മനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെല്‍ഫ് ഗോളുകളില്‍ അവര്‍ ലീഡെടുക്കുകയും ചെയ്തു.
35-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ റൂബന്‍ ഡയസാണ് ആദ്യ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. കിമ്മിച്ച് നീട്ടിനല്‍കിയ പന്തില്‍ നിന്ന് ഗോസെന്‍സ് തൊടുത്ത വോളി ബോക്‌സിലുണ്ടായിരുന്ന കായ് ഹാവെര്‍ട്‌സിന് കാല്‍പ്പാകമായിരുന്നു. പക്ഷേ തടയാനെത്തിയ ഡയസിന്റെ കാലില്‍ തട്ടി പന്ത് വലയില്‍.
പിന്നാലെ 39-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗര്‍, റോബിന്‍ ഗോസെന്‍സ്, തോമസ് മുള്ളര്‍ എന്നിവര്‍ ചേര്‍ന്നുള്ള ജര്‍മനിയുടെ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. മുളളറില്‍ നിന്ന് പന്ത് ലഭിച്ച കിമ്മിച്ച് നല്‍കിയ ക്രോസ് പോര്‍ച്ചുഗീസ് താരം ഗുറെയ്‌റോയുടെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിലും ജര്‍മനി ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ 51-ാം മിനിറ്റില്‍ ടീം വര്‍ക്കില്‍ നിന്ന് ജര്‍മനിയുടെ മൂന്നാം ഗോളും വന്നു. മുള്ളര്‍ നല്‍കിയ പന്ത് സ്വീകരിച്ച് ഗോസെന്‍സ് നല്‍കിയ ക്രോസ് ഹാവെര്‍ട്‌സ് വലയിലെത്തിക്കുകയായിരുന്നു.
60-ാം മിനിറ്റില്‍ ഹെഡറിലൂടെ റോബിന്‍ ഗോസെന്‍സാണ് ജര്‍മനിയുടെ നാലാം ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ ക്രോസ് ഗോസെന്‍സ് അനായാസം വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 67-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ജോട്ട പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ നേടി.
തുടര്‍ന്നു ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരു ടീമിന്റെയും പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്.
ജയത്തോടെ ജര്‍മനി നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: UEFA Euro 2020 Portugal vs Germany Live Updates