Photo: twitter.com|EURO2020
ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡച്ച് ടീമിന്റെ ജയം.
11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെംഫിസ് ഡിപായിയും 67-ാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രീസുമാണ് ഓറഞ്ച് പടയ്ക്കായി സ്‌കോര്‍ ചെയ്തത്.
11-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡിപായ് ആണ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചത്. ഡെന്‍സല്‍ ഡംഫ്രീസിനെ ഓസ്ട്രിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് അലാബ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ചാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഡച്ച് ടീമായിരുന്നു. പക്ഷേ പലപ്പോഴും ഫിനിഷിങ്ങില്‍ ടീമിന് പിഴച്ചു.
24-ാം മിനിറ്റില്‍ ഡിപായിയുടെ ഷോട്ട് പുറത്തേക്ക് പോയി. 40-ാം മിനിറ്റില്‍ ലഭിച്ച അവസരവും ഡിപായ്ക്ക് മുതലാക്കാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ വൈനാള്‍ഡത്തിന് ലഭിച്ച അവസരവും പാഴായി.
രണ്ടാം പകുതിയുടെ തുടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഡച്ച് നിരയ്ക്ക് സ്‌കോര്‍ ചെയ്യാനായില്ല. ഒടുവില്‍ 67-ാം മിനിറ്റില്‍ മൈതാനമധ്യത്തു നിന്ന് ഡിപായ് നല്‍കിയ ലോഫ്റ്റഡ് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ഡോണിയല്‍ മാലനാണ് നെതര്‍ലന്‍ഡ്സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മാലന്‍ നല്‍കിയ പാസ് ഡെന്‍സല്‍ ഡംഫ്രീസ് അനായാസം വലയിലെത്തിച്ചു.
ഓസ്ട്രിയക്ക് മത്സരത്തില്‍ കാര്യമായ അവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. പന്ത് ലഭിച്ചപ്പോഴെല്ലാം ഓസ്ട്രിയന്‍ താരങ്ങളെ ഡച്ച് ടീം പൂട്ടി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: UEFA Euro 2020 Netherlands vs Austria Live Updates