Photo: twitter.com|EURO2020
സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇത്തവണ ഭാഗ്യം സ്വിറ്റ്‌സര്‍ലന്‍ഡിനെ തുണച്ചില്ല. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് സ്‌പെയിന്‍ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനാണ് സ്‌പെയിന്‍ സ്വിസ് പടയെ തകര്‍ത്തത്. തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഉനൈ സിമോണിന്റെ പ്രകടന മികവിലാണ് സ്‌പെയിന്‍ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിത സമയത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഷെര്‍ദാന്‍ ഷാക്കിരി ഗോള്‍ നേടിയപ്പോള്‍ ഡെന്നിസ് സാക്കറിയയുടെ സെല്‍ഫ് ഗോള്‍ സ്‌പെയിനിന് തുണയായി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്‌പെയിനിനായി ഡാനി ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഫാബിയാന്‍ ഷാര്‍, മാനുവേല്‍ അകാന്‍ജി, റൂബന്‍ വര്‍ഗാസ് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല.
പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരേ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ച് കിക്കുകളും വലയിലെത്തിച്ച സ്വിസ് പടയ്ക്ക് ഇന്ന് ആ മികവ് പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും തലയുയര്‍ത്തിയാണ് സ്വിസ് പട മടങ്ങുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. സൂപ്പര്‍മാന്‍ സേവുകളുമായി കളം നിറഞ്ഞ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ആരാധകരുടെ മനം കവര്‍ന്നു.
സെമിയില്‍ ബെല്‍ജിയം-ഇറ്റലി മത്സരത്തിലെ വിജയിയെയാണ് സ്‌പെയിന്‍ നേരിടുക.
സ്‌പെയിന്‍ രണ്ട് മാറ്റങ്ങള്‍ ടീമില്‍ വരുത്തിയപ്പോള്‍ ഒരു മാറ്റമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലുണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ സ്‌പെയിന്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചു. മികച്ച പാസിങ് ഗെയിമാണ് സ്‌പെയിന്‍ കാഴ്ചവെച്ചത്.
മികച്ച കളി പുറത്തെടുത്ത സ്‌പെയിന്‍ മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ലീഡെടുത്തു. സ്വിസ് താരം ഡെന്നിസ് സാക്കറിയയുടെ സെല്‍ഫ് ഗോളാണ് സ്‌പെയിനിന് തുണയായത്. എട്ടാം മിനിട്ടില്‍ സ്‌പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോര്‍ണറാണ് ഗോളിന് വഴിവെച്ചത്. കോക്കെ എടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിന് പുറത്തുനിന്ന ജോര്‍ഡി ആല്‍ബയുടെ കാലിലേക്കാണെത്തിയത്. ആല്‍ബയെടുത്ത ലോങ്‌റേഞ്ചര്‍ സ്വിസ് താരം സാക്കറിയയുടെ കാലില്‍ തട്ടി തിരിഞ്ഞ് ഗോള്‍കീപ്പര്‍ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തില്‍ ലക്ഷ്യത്തിലേക്ക് അടിച്ച ആദ്യ കിക്കില്‍ തന്നെ ഗോള്‍ നേടാന്‍ സ്‌പെയിനിന് സാധിച്ചു.
17-ാം മിനിട്ടില്‍ സ്വിസ് ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് ആല്‍വാരോ മൊറാട്ടയെ ഫൗള്‍ ചെയ്തതിന് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കോക്കെ എടുത്ത ഫ്രീകിക്ക് സ്വിസ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
23-ാം മിനിട്ടില്‍ സ്വിസ് മുന്നേറ്റതാരം ബ്രീല്‍ എംബോളോ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. താരത്തിന് പകരം റൂബന്‍ വര്‍ഗാസ് ഗ്രൗണ്ടിലെത്തി. 25-ാം മിനിട്ടില്‍ സ്‌പെയിനിന്റെ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ സ്വിസ് ഗോള്‍കീപ്പര്‍ സോമര്‍ അനായാസം കൈയ്യിലൊതുക്കി. ആദ്യ പകുതിയില്‍ നിരവധി സെറ്റ്പീസുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നേടിയെടുത്തത്. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍, സരാബിയയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഓല്‍മോയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് സ്വിസ് ഗോള്‍കീപ്പര്‍ സോമര്‍ കൈയ്യിലൊതുക്കി. രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി സ്വിസ് ടീം ആക്രമിച്ചുകളിച്ചു. 56-ാം മിനിട്ടില്‍ സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ സ്‌പെയിന്‍ പോസ്റ്റിലുരുമ്മി കടന്നുപോയി. 59-ാം മിനിട്ടില്‍ ഫെറാന്‍ ടോറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
64-ാം മിനിട്ടില്‍ സ്വിസ്സിന്റെ സ്യൂബറുടെ ഗോള്‍വലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോള്‍കീപ്പര്‍ സിമോണ്‍ സ്‌പെയിനിന്റെ രക്ഷകനായി. ഒടുവില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സമനില ഗോള്‍ നേടി.
68-ാം മിനിട്ടില്‍ നായകന്‍ ഷെര്‍ദാന്‍ ഷാക്കിരിയാണ് സ്വിസ് പടയ്ക്കായി ഗോള്‍ നേടിയത്. സ്‌പെയിന്‍ പ്രതിരോധം വരുത്തിയ വലിയ പിഴവില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലാപോര്‍ട്ടെയും പോള്‍ ടോറസ്സും പരാജയപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിനുകാരണം. ഈ പിഴവിലൂടെ പന്ത് പിടിച്ചെടുത്ത ഫ്ര്യൂലര്‍ നായകന്‍ ഷാക്കിരിയ്ക്ക് പാസ് നല്‍കി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. ഗോള്‍ വഴങ്ങിയതോടെ സ്‌പെയിന്‍ ഉണര്‍ന്നുകളിച്ചു.
78-ാം മിനിട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മത്സരത്തില്‍ തിരിച്ചടി നേരിടുന്നു. സ്വിസ് ഗോളിന് വഴിവെച്ച റെമോ ഫ്ര്യൂലര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. 84-ാം മിനിട്ടില്‍ ലഭിച്ച മികച്ച അവസരം സ്‌പെയിനിന്റെ മൊറേനോ പാഴാക്കി. വൈകാതെ മത്സരത്തിലെ നിശ്ചിത സമയം പൂര്‍ത്തിയായി ഇരുടീമുകളും എക്‌സ്ട്രാ ടൈമില്‍ കളിക്കാനാരംഭിച്ചു.
92-ാം മിനിട്ടില്‍ മൊറേനോയ്ക്ക് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ജോര്‍ഡി ആല്‍ബയുടെ ക്രോസില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മൊറേനോയെടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പത്തുപേരായി ചുരുങ്ങിയതുമൂലം അധികസമയത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്. 95-ാം മിനിട്ടില്‍ ജോര്‍ഡി ആല്‍ബയെടുത്ത ലോങ്‌റേഞ്ചര്‍ സോമര്‍ തട്ടിയകറ്റി.
100-ാം മിനിട്ടില്‍ ഒരു ഓപ്പണ്‍ ഹെഡ്ഡര്‍ ലഭിച്ചിട്ടും അത് ഗോളാക്കി മാറ്റാന്‍ മൊറേനോയ്ക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മൊറേനോയ്ക്ക് അവസരം ലഭിച്ചു. ലക്ഷ്യത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്‌തെങ്കിലും ഗോളെന്നുറച്ച കിക്ക് അത്ഭുതകരമായി സോമര്‍ തട്ടിയകറ്റി. 103-ാം മിനിട്ടില്‍ സ്‌പെയിനിന്റെ ഒയാര്‍സബാലിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സോമര്‍ വീണ്ടും സ്വിസ് ടീമിന്റെ രക്ഷകനായി.
എക്‌സ്ട്രാ ടൈമില്‍ തകര്‍പ്പന്‍ പ്രതിരോധമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കാഴ്ചവെച്ചത്. സ്‌പെയിന്‍ താരങ്ങള്‍ ബോക്‌സിനുള്ളില്‍ നിറഞ്ഞിട്ടും സ്വിസ് പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു. 111-ാം മിനിട്ടില്‍ ഡാനി ഓല്‍മോയുടെ മികച്ച ഷോട്ട് സോമര്‍ കൈയ്യിലൊതുക്കി. 116-ാം മിനിട്ടില്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സിന്റെ ഹെഡ്ഡറും സോമര്‍ കൈപ്പിടിയിലാക്കി. വൈകാതെ എക്‌സ്ട്രാ ടൈമും അവസാനിച്ചു. മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Switzerland vs Spain Euro cup 2020 quarter final live