സ്പാനിഷ് ടീം അംഗങ്ങൾ പരിശീലനത്തിനിടെ | Photo: AFP
ലോക റാങ്ക് - 6
നേട്ടങ്ങള്‍: ലോകകപ്പ് (2010), യൂറോകപ്പ് (1964, 2008, 2012)
ക്യാപ്റ്റന്‍: സെര്‍ജിയോ ബുസ്‌കെറ്റ്സ്
പരിശീലകന്‍: ലൂയി എൻറിക്ക
ടിക്കി-ടാക്കയുമായി ഫുട്ബോള്‍ ലോകം കീഴടക്കിയവരാണ് സ്പാനിഷ് ടീം. കുറിയ പാസുകളുമായി ചന്തത്തോടെ കളിച്ച അവര്‍ക്ക് ഇടയ്ക്ക് താളം നഷ്ടമായി. യൂറോകപ്പില്‍ പഴയ സ്പാനിഷ് നിരയെ കാണാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
റയല്‍ മഡ്രിഡിന്റെ താരങ്ങളാരുമില്ലാതെയാണ് പരിശീലകന്‍ ലൂയി എൻറിക്ക ടീമിനെ പ്രഖ്യാപിച്ചത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന കാര്യം പരിശീലകന്‍ വ്യക്തമാക്കുകയായിരുന്നു. മികച്ച സ്ട്രൈക്കറില്ലാത്തത് ടീമിന് തിരിച്ചടിയാണ്. അതിനെ മറികടക്കാന്‍ എന്റിക്കെയുടെ കൈയില്‍ മരുന്നുണ്ടെങ്കില്‍ യൂറോകപ്പ് സ്വപ്നങ്ങളില്‍ ടീമിന് അഭിരമിക്കാം.
പ്രതിരോധത്തില്‍ കരുത്തനായ സെര്‍ജിയോ റാമോസിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കും. മികച്ച നായകനും കൂടിയാണ് റാമോസ്. സെസാര്‍ അസ്പിലിക്യൂട്ട, പാവു ടോറസ്, എറിക് ഗാര്‍ഷ്യ, എയ്മറിക് ലാപോര്‍ട്ട, ജോര്‍ഡി ആല്‍ബ എന്നിവര്‍ പ്രതിരോധത്തിലുണ്ട്.
നായകന്‍ ബുസ്‌കെറ്റ്സ്, മാര്‍ക്കോസ് ലോറന്റെ, കോക്കെ, തിയാഗോ, റോഡ്രി, പെഡ്രി, ഡാനി ഒല്‍മോ, ഫാബിയന്‍ എന്നിവര്‍ കളിക്കുന്ന മധ്യനിര ആഴമേറിയതാണ്. അല്‍വാരോ മൊറാട്ടയാണ് മുന്നേറ്റത്തിലെ പ്രധാനി. ജെറാര്‍ഡ് മൊറാനോ, ഫെറാന്‍ ടോറസ്, അഡമ ട്രവോറെ, മൈക്കല്‍ ഒയര്‍സബാള്‍, പാബ്ലോ സറാബിയ എന്നിവരും ടീമിലുണ്ട്.
Content Highlights: Spain Euro 2020 squad preview