Photo: ttwitter.com|EURO2020
റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് അസൂറികള്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികള്‍ക്കായി മൂന്നാം ഗോള്‍ നേടി.
ഈ വിജയത്തോടെ തുടര്‍ച്ചയായ 29 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തീകരിച്ചു. യൂറോയിലെ ആദ്യ മത്സരത്തിലും ഇതേ സ്‌കോറിന് ഇറ്റലി തുര്‍ക്കിയെ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ പതിയെ ഇറ്റലി മത്സരത്തില്‍ സജീവമായി. ആക്രമിച്ച് കളിക്കാനാണ് ഇറ്റലി ശ്രമിച്ചത്. 10-ാം മിനിട്ടില്‍ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ സ്വിസ് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു.
മത്സരം പുരോഗമിക്കുംതോറും ഇറ്റലി കൂടുതല്‍ ശക്തി പ്രാപിച്ചുവന്നു. ആക്രമണങ്ങളുമായി സ്വിസ് ഗോള്‍മുഖത്ത് ഭീതി പരത്താന്‍ ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കി.
പക്ഷേ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് 20-ാം മിനിട്ടില്‍ പ്രതിരോധതാരം ചെല്ലിനി ഗോള്‍ നേടി. എന്നാല്‍ വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയ്യില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.
ചെല്ലിനി മടങ്ങിയതിനുതൊട്ടുപിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇറ്റലിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്ക്ക് വന്നുള്ളൂ. ഇറ്റലിയ്ക്കായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 2020 യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.
ഗോള്‍ നേടിയിട്ടും ഇറ്റലിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞില്ല. രണ്ടാം ഗോളിനായി ടീം ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ സ്വിസ് ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രതിരോധത്തില്‍ മാത്രമാണ് ടീം ശ്രദ്ധിച്ചത്.
രണ്ടാം പകുതിയില്‍ സ്വിസ്സ് ടീം ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ സ്വിസ് താരങ്ങളുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് മാനുവേല്‍ ലോക്കാട്ടെല്ലി വീണ്ടും ഇറ്റലിയുടെ വീരനായകനായി. 52-ാം മിനിട്ടില്‍ അത്യുഗ്രന്‍ ഗോള്‍ നേടിക്കൊണ്ട് താരം ഇറ്റലിയ്ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചു. ബോക്‌സിന് വെളിയില്‍ നിന്നും ലോക്കാട്ടെല്ലി അടിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ തറച്ചു. ഇത് നോക്കി നില്‍ക്കാന്‍ മാത്രമേ സ്വിസ് ഗോള്‍കീപ്പര്‍ക്ക് സാധിച്ചുള്ളൂ. ഇതോടെ സ്വിസ് ടീം തകര്‍ന്നു.
രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. 75-ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാല്‍ 88-ാം മിനിട്ടില്‍ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്‌സിന് വെളിയില്‍ നിന്നും താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയം ഉറപ്പിച്ചു.
മത്സരത്തില്‍ കാര്യമായ ഒരവസരം പോലും നേടിയെടുക്കാന്‍ കഴിയാതെയാണ് സ്വിസ് പട തോല്‍വി വഴങ്ങിയത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Italy vs Switzerland Euro 2020 Group A