വെംബ്ലിയിൽ അസൂറിക്കുതിപ്പ്, സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ


4 min read
Read later
Print
Share

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലി 4-2 എന്ന സ്‌കോറിന് സ്‌പെയിനിനെ പരാജയപ്പെടുത്തി.

Photo: twitter.com|EURO2020

വെംബ്ലി: യൂറോ കപ്പില്‍ അസൂറിപ്പടയുടെ കുതിപ്പിനുമുന്നില്‍ തളര്‍ന്ന് സ്‌പെയിന്‍. യൂറോ 2020 സെമി ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലി 4-2 എന്ന സ്‌കോറിന് സ്‌പെയിനിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഗോള്‍ നേടിയെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാന്‍ മൊറാട്ടയ്ക്ക് സാധിച്ചില്ല.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ഡാനി ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ആല്‍വാരോ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.

ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. ഈ വിജയത്തോടെ തുടര്‍ച്ചയായി 33 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറാന്‍ ഇറ്റലിയ്ക്ക് സാധിച്ചു. പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനിയുടെ കീഴില്‍ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും തോറ്റിട്ടില്ല. 1968 ന് ശേഷം യൂറോ കിരീടം നേടിയെടുക്കാന്‍ ഇറ്റലിയ്ക്ക് ഇനി ഒരു വിജയം മാത്രം മതി.

സ്‌പെയിന്‍ മൂന്നു മാറ്റങ്ങളും ഇറ്റലി ഒരു മാറ്റവും വരുത്തിയാണ് സെമി ഫൈനലില്‍ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ആദ്യ പത്തുമിനിട്ടില്‍ ഗോളവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

12-ാം മിനിട്ടില്‍ സ്‌പെയിനിന്റെ ഒയര്‍സബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലില്‍ കുടുക്കാന്‍ സാധിച്ചില്ല. 14-ാം മിനിട്ടില്‍ സ്‌പെയിനിന്റെ ഫെറാന്‍ ടോറസിന്റെ ലോങ്‌റേഞ്ചര്‍ പോസ്റ്റിന് പുറത്തേക്ക് പോയി.

17-ാം മിനിട്ടില്‍ ബരെല്ലയെ ബുസ്‌കെറ്റ്‌സ് വീഴ്ത്തിയതിന്റെ ഭാഗമായി ഇറ്റലിയ്ക്ക് മികച്ച ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ അതൊരു ഗോളവസരമാക്കി മാറ്റാന്‍ അസൂറികള്‍ക്ക് കഴിഞ്ഞില്ല. 21-ാം മിനിട്ടില്‍ സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ്‌സിമോണ്‍ സ്ഥാനം തെറ്റി നിന്നപ്പോള്‍ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് തുറന്ന പോസ്റ്റിലേക്ക് അവസരം ലഭിച്ചു. എന്നിട്ടും അത് ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

25-ാം മിനിട്ടില്‍ സ്‌പെയിനിന്റെ ഡാനി ഓല്‍മോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ പോസ്റ്റിലേക്കുള്ള കിക്ക് ഗോള്‍കീപ്പര്‍ ഡോണറുമ്മ തട്ടിയകറ്റി. 45-ാം മിനിട്ടില്‍ ഇറ്റലിയുടെ എമേഴ്‌സണിന്റെ ഷോട്ട് സ്‌പെയിന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 52-ാം മിനിട്ടില്‍ സ്പാനിഷ് നായകന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സിന്റെ ഗോളെന്നുറച്ച ഷോട്ട് ഇറ്റാലിയന്‍ ക്രോസ് ബാറില്‍ ചുംബിച്ചുകൊണ്ട് കടന്നുപോയി. തൊട്ടുപിന്നാലെ സ്പാനിഷ് പോസ്റ്റിലേക്ക് ഇരച്ചുകയറിയ കിയേസ മികച്ച ഒരു ഗ്രൗണ്ടര്‍ അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ സിമോണ്‍ അത് കൈയ്യിലൊതുക്കി.

57-ാം മിനിട്ടില്‍ ഒയര്‍സബാലിന്റെ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയ്യിലൊതുക്കി. രണ്ടാം പകുതിയില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി സ്‌പെയിനും ഇറ്റലിയും കളം നിറഞ്ഞുകളിച്ചു.

60-ാം മിനിട്ടില്‍ സ്‌പെയിനിനെ ഞെട്ടിച്ചുകൊണ്ട് ഇറ്റലി മത്സരത്തില്‍ ലീഡെടുത്തു. ഫെഡറിക്കോ കിയേസയാണ് അസൂറികള്‍ക്കായി ഗോള്‍വല ചലിപ്പിച്ചത്. ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. സ്‌പെയിന്‍ പന്തുമായി ഇറ്റാലിയന്‍ പോസ്റ്റിലെത്തി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ഡോണറുമ്മ അത് രക്ഷപ്പെടുത്തി. പിന്നാലെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ തന്നെയാണ് ഗോളിനുള്ള വഴി ആദ്യം വെട്ടിയത്.

ഷോട്ട് സേവ് ചെയ്ത ഡോണറുമ്മ മികച്ച പാസിലൂടെ ുന്ത് വെറാട്ടിയ്ക്ക് കൈമാറി. വെറാട്ടി ഇന്‍സീനിയ്ക്ക് പാസ് നല്‍കി. ഇന്‍സീനി ഇമ്മൊബീലിന് കണക്കായി പാസ് നല്‍കിയെങ്കിലും സ്‌പെയിന്‍ പ്രതിരോധതാരം ലാപോര്‍ട്ടെ പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചു. പക്ഷേ പെട്ടെന്ന് പന്ത് റാഞ്ചിയെടുത്ത കിയേസ ഗോള്‍കീപ്പര്‍ സിമോണിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ വെംബ്ലി സ്‌റ്റേഡിയം ഇറ്റാലിയന്‍ ആരാധകരുടെ ശബ്ദത്താല്‍ പൊട്ടിത്തെറിച്ചു. താരം രാജ്യത്തിനായി നേടുന്ന മൂന്നാം ഗോളാണിത്.

ഗോള്‍വീണതോടെ സമനില നേടാനായി സ്‌പെയിന്‍ ആക്രമണങ്ങള്‍ക്ക് വേഗം കൂട്ടി. 64-ാം മിനിട്ടില്‍ ഒയര്‍സബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പാസിന് കൃത്യമായി തലവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 68-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെരാര്‍ഡിയെടുത്ത ഷോട്ട് സിമോണ്‍ തട്ടിയകറ്റി അപകടം ഒഴിവാക്കി.

75-ാം മിനിട്ടില്‍ പകരക്കാരനായി എത്തിയ സ്‌പെയിനിന്റെ ആല്‍വാരോ മൊറാട്ട മികച്ച അവസരം പാഴാക്കി. ഗോള്‍ വഴങ്ങിയതോടെ തുടരെ മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ ലൂയിസ് എന്റിക്കെ ശ്രമിച്ചു. പക്ഷേ സ്‌പെയിന്‍ ആക്രമണങ്ങളെ ഇറ്റാലിയന്‍ പ്രതിരോധം നന്നായി തന്നെ നേരിട്ടു.

വിജയച്ചിരിയുമായി മുന്നേറിയ ഇറ്റാലിയന്‍ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് പകരക്കാരനായി വന്ന സൂപ്പര്‍ താരം ആല്‍വാരോ മൊറാട്ട ഗോള്‍ നേടിക്കൊണ്ട് സ്‌പെയിനിന് നിര്‍ണായക സമനില നേടിക്കൊടുത്തു. 80-ാം മിനിട്ടിലാണ് ഇറ്റാലിയന്‍ പോസ്റ്റിലേക്ക് താരം നിറയൊഴിച്ചത്. മൊറാട്ട തന്നെ തുടങ്ങിവെച്ച നീക്കത്തിലൂടെയാണ് ഗോള്‍ പിറന്നത്.

ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ് സ്വീകരിച്ച മൊറാട്ട പന്തുമായി അതിവേഗം കുതിച്ച് പ്രതിരോധതാരങ്ങളെ മറികടന്ന് ഓല്‍മയ്ക്ക് പാസ് നല്‍കി. ഓല്‍മ അതേ വേഗത്തില്‍ മൊറാട്ടയ്ക്ക് പാസ് നല്‍കി. ബോക്‌സിനുള്ളിലേക്ക് പന്തുമായി കയറിയ മൊറാട്ട ഗോള്‍കീപ്പര്‍ ഡോണറുമ്മയെ അനായാസം കബിളിപ്പിച്ച് ഗോള്‍ നേടി. ഇതോടെ സ്‌പെയിന്‍ 1-1 എന്ന സ്‌കോറിന് സമനില പിടിച്ചു. നിശ്ചിത സമയത്തും ഇതേ സ്‌കോറില്‍ തന്നെ ഇറ്റലിയും സ്‌പെയിനും കളിയവസാനിപ്പിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍, 97-ാം മിനിട്ടില്‍ ഇറ്റാലിയന്‍ ബോക്‌സിനകത്ത് കൂട്ടപ്പൊരിച്ചില്‍ ഉണ്ടായെങ്കിലും അതില്‍ നിന്നും ഗോള്‍ നേടാന്‍ സ്‌പെയിനിന് സാധിച്ചില്ല. ഡാനി ഓല്‍മോയുടെ അപ്രതീക്ഷിത ഫ്രീകിക്ക് ഡോണറുമ്മ തട്ടിയകറ്റി. പിന്നാലെ പന്ത് സ്വീകരിച്ച മൊറാട്ടയ്ക്ക് ലക്ഷ്യം കാണാനായില്ല.

101-ാം മിനിട്ടില്‍ ആല്‍വാരോ മൊറാട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ഡോണറുമ്മ പന്ത് കുത്തിയകറ്റി അപകടം ഒഴിവാക്കി. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ സ്‌പെയിന്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും സ്‌പെയിന്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ ഇറ്റലിയും ശ്രമിച്ചു. 108-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെറാര്‍ഡി സ്‌പെയിന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വൈകാതെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലില്‍ പ്രവേശിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Italy vs Spain Euro 2020 semifinal live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram