Photo: Getty Images
മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് 31-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ജര്‍മനി പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജര്‍മനിയുടെ മധ്യനിരയിലെ പ്രധാന താരമായിരുന്നു ക്രൂസ്. ജര്‍മനിക്കായി എല്ലാം നല്‍കിയെന്നും യൂറോ കപ്പ് ജയിക്കുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും വിടവാങ്ങല്‍ സന്ദേശത്തില്‍ ക്രൂസ് പറഞ്ഞു.
ജര്‍മനിക്കായി 2010-ല്‍ അരങ്ങേറിയ ക്രൂസ് 106 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 17 ഗോളുകളും രാജ്യത്തിനായി നേടി. 2014 ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം.
യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പു തന്നെ താന്‍ വിരമിക്കാനുള്ള തീരുമാനം എടുത്തിരുവെന്നും ക്രൂസ് വിടവാങ്ങല്‍ സന്ദേശത്തില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡ് താരമായ ക്രൂസ് ഇനി ക്ലബ്ബിനായുള്ള മത്സരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
Content Highlights: German midfielder Toni Kroos announces retirement from international football