Photo: twitter.com|EURO2020
ബാക്കു: യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ നടന്ന വെയ്ല്‍സ് - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ സ്വിസ് ടീമിനെതിരേ വെയ്ല്‍സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.
ആദ്യ പകുതി സ്വിറ്റ്‌സര്‍ലന്‍ഡ് സ്വന്തമാക്കി. ആദ്യ പകുതിയിലുടനീളം മികച്ച ഒത്തിണക്കം കാണിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് വെയ്ല്‍സ് പ്രതിരോധത്തെ സ്ഥിരമായി പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ പത്തിലേറെ മികച്ച മുന്നേറ്റങ്ങളാണ് ടീം നടത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ആദ്യം മുന്നിലെത്തിയത്. ബ്രീല്‍ എംബോളോയുടെ ഷോട്ട് വെയ്ല്‍സ് ഗോളി ഡാനി വാര്‍ഡ് രക്ഷപ്പെടുത്തിയതിന് ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. കോര്‍ണറില്‍ തലവെച്ച് എംബോളോ തന്നെ സ്വിസ് നിരയെ മുന്നിലെത്തിച്ചു.
തുടര്‍ന്നും എംബോളോ വെയ്ല്‍സ് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനിടെ 74-ാം മിനിറ്റില്‍ കിഫെര്‍ മൂറിലൂടെ വെയ്ല്‍സ് സമനില പിടിച്ചു. ജോ മോറല്‍ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ഹെഡറിലൂടെ മൂര്‍ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വഴങ്ങിയെങ്കിലും സ്വിസ് നിര വെയ്ല്‍സ് ബോക്‌സിലേക്ക് നിരന്തരം ആക്രമിച്ച കയറി. 85-ാം മിനിറ്റില്‍
മാരിയോ ഗാവ്രനോവിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നിഷേധിക്കപ്പെട്ടു.
മത്സരത്തില്‍ വെയ്ല്‍സിനാണ് ആദ്യ അവസരം ലഭിച്ചത്. കോര്‍ണറില്‍ നിന്നുള്ള കിഫെര്‍ മൂറിന്റെ ഗോളെന്നുറച്ച ഹെഡര്‍ സ്വിസ് ഗോളി യാന്‍ സോമ്മര്‍ രക്ഷപ്പെടുത്തി.
20-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫാബിയാന്‍ ഷാറിന്റെ ബാക്ക് ഹീല്‍ പുഷ് വെയ്ല്‍സ് ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്ന് ഷാക്കിരിയും എംബോളോയും സെഫെറോവിച്ചും സാക്കയും ചേര്‍ന്ന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഫിനിഷിങ് പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്.
ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച അവസരവും സ്വിസ് നിരയ്ക്ക് മുതലാക്കാനായില്ല. ബോക്‌സില്‍ എംബോളോ നല്‍കിയ പാസ് സെഫെറോവിച്ച് പുറത്തേക്കടിച്ച് കളഞ്ഞു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Euro 2020 Wales vs Switzerland Live updates