Photo: twitter.com|EURO2020
ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ജയത്തോടെ തുടങ്ങി ഡച്ച് നിര. ഗ്രൂപ്പ് സിയില്‍ യുക്രൈനെതിരേ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ജയം.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉടനീളം കണ്ട മത്സരത്തില്‍ ക്യാപ്റ്റന്‍ ജോര്‍ജിനിയോ വൈനാള്‍ഡം, വൗട്ട് വെഗോര്‍സ്റ്റ്, ഡെന്‍സല്‍ ഡംഫ്രീസ് എന്നിവരാണ് ഡച്ച് നിരയ്ക്കായി സ്‌കോര്‍ ചെയ്തത്. ആന്‍ഡ്രി യാര്‍മൊലെങ്കോ, റോമന്‍ യാരെംചുക്ക് എന്നിവര്‍ യുക്രൈനു വേണ്ടി സ്‌കോര്‍ ചെയ്തു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിറ്റിലാണ് ഡച്ച് നിര യുക്രൈന്‍ വല കുലുക്കിയത്. ഡംഫ്രീസിന്റെ ക്രോസ് യുക്രൈന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാന്‍ തടഞ്ഞിട്ടത് വൈനാള്‍ഡമിന്റെ മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ താരത്തിന്റെ ബുള്ളറ്റ് ഷോട്ട് വലയില്‍.
58-ാം മിനിറ്റില്‍ ഡംഫ്രീസിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് ലഭിച്ച വൗട്ട് വെഗോര്‍സ്റ്റ് നെതര്‍ലന്‍ഡ്‌സിന്റെ ലീഡുയര്‍ത്തി.
74-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്ന ഡച്ച് നിരയ്‌ക്കെതിരേ നാലു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് യുക്രൈന്‍ മത്സരത്തിലേക്ക് തിരികെയെത്തിയിരുന്നു. 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ആന്‍ഡ്രി യാര്‍മൊലെങ്കോ ഡച്ച് വല കുലുക്കി. 79-ാം മിനിറ്റില്‍ റസ്ലന്‍ മലിനോവ്‌സ്‌കിയുടെ ഫ്രീ കിക്കില്‍ നിന്ന് റോമന്‍ യാരെംചുക്ക് യുക്രൈന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
പക്ഷേ 85-ാം മിനിറ്റില്‍ നഥാന്‍ അക്കെയുടെ ഫ്രീകിക്കില്‍ നിന്ന് ഡെംഫ്രീസ് സ്‌കോര്‍ ചെയ്തതോടെ യുക്രൈ പ്രതീക്ഷകള്‍ അവസാനിച്ചു.
മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച ആക്രമണ ഫുട്‌ബോളുമായി കളംനിറഞ്ഞു. ഡച്ച് നിരയ്ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ യുക്രൈന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാന്‍ മികച്ച പ്രകടനം പലപ്പോഴും അവര്‍ക്ക് വിലങ്ങുതടിയായി.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെംഫിസ് ഡീപേ പന്തുമായി ഒറ്റയ്ക്ക് മുന്നേറി. പക്ഷേ അദ്ദേഹത്തിന്റെ ശ്രമം യുക്രൈന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാന്‍ തട്ടിയകറ്റി.
ആറാം മിനിറ്റിലാണ് ഡച്ച് ടീമിന് ഉറച്ച ഗോളവസരം ലഭിച്ചത്. പക്ഷേ ഡംഫ്രീസിന്റെ ഷോട്ടും ബുഷ്ചാന്‍ തടഞ്ഞു. കൂടാതെ 23, 27 മിനിറ്റുകളില്‍ ഡച്ച് ടീമിന്റെ ഗോളെന്നുറച്ച അവസരങ്ങളിലും ബുഷ്ചാന്‍ യുക്രൈന്‍ നിരയുടെ രക്ഷയ്‌ക്കെത്തി.
39-ാം മിനിറ്റില്‍ ജോര്‍ജിനിയോ വൈനാള്‍ഡമിന്റെ ഗോളെന്നുറച്ച ഷോട്ടും ബുഷ്ചാന്‍ തട്ടിയകറ്റി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Euro 2020 Netherlands vs Ukraine Live Updates