Photo: getty images
കിരീടമോഹികളായ മൂന്ന് ടീമുകള്‍ കളിക്കുന്ന ഒരു ഗ്രൂപ്പ്. ഫുട്ബോള്‍ ഭാഷയില്‍ മരണഗ്രൂപ്പ്. അതാണ് നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍, മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, ജര്‍മനി എന്നിവര്‍ക്കൊപ്പം ഹംഗറിയും കളിക്കുന്ന എഫ് ഗ്രൂപ്പ്.
മറ്റുടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കരുതിയിരിക്കുന്ന തന്ത്രങ്ങള്‍ മരണഗ്രൂപ്പിലെ ടീമുകള്‍ക്ക് തുടക്കത്തിലേ പ്രയോഗിക്കേണ്ടിവരും. കാരണം, അവര്‍ക്ക് ഓരോ കളിയും നോക്കൗട്ട് മത്സരങ്ങളാണ്. ആദ്യരണ്ട് സ്ഥാനക്കാര്‍ക്കൊപ്പം മികച്ച മൂന്നാംസ്ഥാനക്കാര്‍ക്കും അവസരമുള്ളതിനാല്‍ പരിക്കേല്‍ക്കാതെ കളിക്കാനാകും ടീമുകള്‍ താത്പര്യപ്പെടുക. ആദ്യകളിയില്‍ ഹംഗറിയെ നേരിടുന്ന പോര്‍ച്ചുഗലിനും അവസാനകളിയില്‍ ഹംഗറിയെ ലഭിക്കുന്ന ജര്‍മനിക്കും മാനസികമായ മുന്‍തൂക്കം ലഭിക്കും.

പോര്‍ച്ചുഗല്‍
മികച്ചതാരനിരയാണ് പോര്‍ച്ചുഗലിന്. തന്ത്രങ്ങളെക്കാള്‍ ഫെര്‍ണാണ്ടോ സാന്റോസ് മികച്ച മാന്‍ മാനേജ്മെന്റ് വിദഗ്ധനാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ വൈകാരിക സമീപനമാണ്. ഇസ്രയേലിനെതിരായ അവസാന സന്നാഹമത്സരത്തിലെ ടീം ഫോര്‍മേഷനും കളിക്കാരുമാകും പോര്‍ച്ചുഗല്‍ പരീക്ഷിക്കാന്‍ സാധ്യത. 4-3-3 ശൈലിയില്‍ ഡീഗോ ജോട്ടയെ സെന്‍ട്രല്‍ ഫോര്‍വേഡാക്കി, ക്രിസ്റ്റ്യാനോ-ബെര്‍ണാഡോ സില്‍വ എന്നിവരെ വിങ്ങര്‍മാരാക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്-റൂബന്‍ നെവാസ്- വില്യം കാര്‍വലോ എന്നിവര്‍ മധ്യനിരയിലും വരും. റൂബന്‍ ഡയസും പെപ്പെയും സെന്‍ട്രല്‍ ഡിഫന്‍സിലും വരും. വമ്പന്‍ ടീമുകള്‍ക്കെതിരേ പ്രതിരോധരീതിയാണ് സാന്റോസ് പരീക്ഷിക്കാറുള്ളത്. അതേ തന്ത്രമാകും ഗ്രൂപ്പ് ഘട്ടത്തിലും.

ഫ്രാന്‍സ്
താരസമ്പന്നമാണ് ഫ്രഞ്ച് ടീം. അതുകൊണ്ടുതന്നെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന് പരീക്ഷണങ്ങള്‍ക്കുള്ള അവസരവും ഏറെയാണ്. മുമ്പ് 4-2-3-1, 3-4-1-2 ശൈലികളാണ് പരീക്ഷിച്ചിരുന്നതെങ്കില്‍ സമീപകാലത്ത് 4-3-1-2 ശൈലിയാണ് ദെഷാംപ്സിന് താത്പര്യം. കരീം ബെന്‍സമകൂടി വന്നതോടെ ഈ ഫോര്‍മേഷനിലാകും ടീം കളിക്കാന്‍ സാധ്യത. നാലംഗ പ്രതിരോധത്തിന് തൊട്ടുമുകളില്‍ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, കൊറെന്റിന്‍ ടോളിസോ/ആഡ്രിയന്‍ റാബിയോട്ട് എന്നിവര്‍ കളിക്കും. മുന്നേറ്റത്തിനും പ്രതിരോധത്തിനുമിടയില്‍ അന്റോയിന്‍ ഗ്രീസ്മാന്‍. കൈലിയന്‍ എംബാപ്പെയും കരീം ബെന്‍സമയും അടങ്ങുന്ന മുന്നേറ്റം. ഇതാകും ദെഷാംപ്സിന്റെ മനസ്സില്‍. പോര്‍ച്ചുഗലിനെതിരേ അവസാനം കളിച്ചപ്പോള്‍ ഈ ഫോര്‍മേഷനിലാണ് ടീം കളിച്ചുജയിച്ചത്.

ജര്‍മനി
2006 മുതല്‍ ജര്‍മനിയെ പരിശീലിപ്പിക്കുന്ന ജോക്കീം ലോവിന്റെ അവസാന ടൂര്‍ണമെന്റാണിത്. സന്നാഹമത്സരങ്ങളില്‍ കരുത്ത് പുറത്തെടുത്ത ടീം എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പരമ്പരാഗതമായ 4-2-3-1, 4-3-3 അറ്റാക്കിങ് ശൈലികള്‍ ഉണ്ടെങ്കിലും ലാത്വിയക്കെതിരേ വന്‍ജയം നേടിയപ്പോള്‍ പരീക്ഷിച്ച 3-4-2-1 ഫോര്‍മേഷനിലേക്ക് ലോവ് മാറാന്‍ സാധ്യതയുണ്ട്. മാറ്റഹമ്മല്‍സ്- മാത്തിയാസ് ജിന്റര്‍-അന്റോണിയോ റുഡിഗര്‍ എന്നിവരടങ്ങുന്ന പ്രതിരോധത്തിനുമുകളില്‍ ടോണി ക്രൂസ്-ഇല്‍കേ ഗുണ്ടോഗന്‍ എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളിലെത്തും. ജോഷ്വോ കിമ്മിച്ചും റോബിന്‍ ഗോസെന്‍സും വൈഡായി കളിക്കും. തൊട്ടുമുന്നില്‍ തോമസ് മുള്ളര്‍, കെയ് ഹാവെര്‍ട്സ്, ലിയോണ്‍ ഗൊരെസ്‌കെ, ലിറോയ് സാനെ എന്നിവരില്‍ രണ്ടുപേര്‍ കളിക്കും. സെര്‍ജി നാബ്രി അല്ലെങ്കില്‍ തിമോ വെര്‍ണര്‍ സെന്‍ട്രല്‍ സ്ട്രൈക്കറായി കളിക്കും.

ഹംഗറി
ഫെറങ്ക് പുഷ്‌കാസിന്റെ പിന്മുറക്കാര്‍ക്ക് ഗ്രൂപ്പില്‍ വമ്പന്‍മാരുടെ മുന്നേറ്റം അട്ടിമറിക്കാന്‍ കഴിയും. മാര്‍ക്കോ റോസിയാണ് ടീമിന്റെ പരിശീലകന്‍. 4-2-3-1 ശൈലിയാണ് ഇഷ്ടമെങ്കിലും അടുത്ത കാലത്ത് 3-5-2 അറ്റാക്കിങ് ഫോര്‍മേഷനിലാണ് ടീം കളിക്കുന്നത്. രണ്ടുരീതിയില്‍ ആ ശൈലി റോസി ഉപയോഗിക്കുന്നുണ്ട്. പ്രതിരോധാത്മകരീതിയിലും ഇതേ രീതിയില്‍ ടീം കളിച്ചിട്ടുണ്ട്. മിഡില്‍തേര്‍ഡില്‍ മധ്യനിരയെ അണിനിരത്തിയുള്ള ഗെയിംപ്ലാനാണ് റോസി ഉപയോഗിക്കുന്നതെങ്കില്‍ വമ്പന്‍മാര്‍ വെള്ളംകുടിക്കും.
Content Highlights: Euro 2021 Group F the Group of Death