വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ തേരോട്ടം; ജോക്കിം ലോയ്ക്ക് തോല്‍വിയോടെ മടക്കം


2 min read
Read later
Print
Share

74-ാം മിനിറ്റ് വരെ ഗോള്‍രഹിതമായ മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്

Photo: twitter.com|EURO2020

വെബ്ലി: യൂറോകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സൗത്ത്‌ഗേറ്റിന്റെ സംഘം ജോക്കിം ലോയുടെ ജര്‍മനിയെ തകര്‍ത്തു വിട്ടത്. ജര്‍മന്‍ ടീമുമൊത്തുള്ള അവസാന മത്സരത്തില്‍ ഇതോടെ ലോയ്ക്ക് തോല്‍വിയോടെ മടക്കം.

74-ാം മിനിറ്റ് വരെ ഗോള്‍രഹിതമായ മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

വെംബ്ലിയില്‍ ജര്‍മനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് ഒടുവില്‍ എട്ടാം മത്സരത്തില്‍ ആ കേട് തീര്‍ത്തു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്.

മത്സരത്തിന്റെ തുടക്കത്തില്‍ നിയന്ത്രണം ഏറ്റെടുത്തത് ജര്‍മനിയായിരുന്നെങ്കിലും വൈകാതെ ഇംഗ്ലണ്ട് താളം കണ്ടെത്തി.

16-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ മികച്ചൊരു ഷോട്ട് നീണ്ട ഡൈവിലൂടെയാണ് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ രക്ഷപ്പെടുത്തിയത്. പിന്നാലെ 27-ാം മിനിറ്റില്‍ ഹാരി മഗ്വെയറിന് ഹെഡര്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.

32-ാം മിനിറ്റിലാണ് ആദ്യ പകുതിയിലെ മികച്ച അവസരം പിറന്നത്. കായ് ഹാവെര്‍ട്‌സ് നല്‍കിയ ത്രൂബോളില്‍ നിന്ന് തിമോ വെര്‍ണറുടെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനും മികച്ചൊരു അവസരം ലഭിച്ചു. പക്ഷേ ഹാരി കെയ്‌നിന് ആ അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഹമ്മല്‍സിന്റെ കൃത്യസമയത്തുള്ള ഇടപെടലും അപകടം ഒഴിവാക്കി.

48-ാം മിനിറ്റില്‍ ഹാവെര്‍ട്‌സിന്റെ ബുള്ളറ്റ് ഷോട്ട് രക്ഷപ്പെടുത്തി പിക്‌ഫോര്‍ഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. 53-ാം മിനിറ്റില്‍ ഗോസെന്‍സിന്റെ ഷോട്ടും പിക്‌ഫോര്‍ഡ് തടഞ്ഞു.

ഒടുവില്‍ 75-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നും ഗ്രീലിഷും ലൂക്ക് ഷോയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഷോയുടെ പാസ് സ്‌റ്റെര്‍ലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ 81-ാം മിനിറ്റില്‍ തിരിച്ചുവരാനുള്ള അവസരം തോമസ് മുള്ളര്‍ നഷ്ടപ്പെടുത്തി. ഹാവെര്‍ട്‌സ് നീട്ടിയ പാസില്‍ നിന്ന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മുള്ളര്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

പിന്നാലെ 86-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ലൂക്ക് ഷോ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ഗ്രീലിഷ് നല്‍കിയ ക്രോസ് ഹാരി കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ ഗോള്‍.

ഇന്നത്തെ സ്വീഡന്‍ - യുക്രൈന്‍ മത്സര വിജയികളാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടുക.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Euro 2020 England vs Germany Round of 16 clash Live Updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram